ഖർഗെ ഇരുന്നു പ്രതിഷേധിച്ചാൽ മതിയെന്ന് മോദിയുടെ പരിഹാസം; ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞുപോയ വർഷം ഇന്ത്യയുടെ വേഗതയേറിയ പുരോഗതി രേഖപ്പെടുത്തിയ കാലഘട്ടമാണെന്നും വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ വികസനത്തിന്റെ ദിശാബോധം വ്യക്തമാക്കിയിട്ടുണ്ട്. ഇനി രാജ്യത്തിന് പിന്നോട്ട് പോകാൻ സാധിക്കില്ലെന്നും മോദി വ്യക്തമാക്കി. ഇന്ത്യ നിരന്തരം യുവത്വം നിലനിർത്തുകയാണെന്നും എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി പ്രസംഗം തുടങ്ങിയതോടെ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രധാനമന്ത്രി സഭയിലെത്തിയ മുതൽത്തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എഴുന്നേറ്റപ്പോൾ അനുവദിക്കാനാവില്ലെന്ന് ചെയർമാൻ അറിയിച്ചു. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ അനുവദിക്കില്ലെന്നും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. നെഹ്റുവിനെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും അവർ ആവേശത്തോടെ വിളിച്ചുപറഞ്ഞു.

ഇതിനിടെ ഖർഗെയോട് ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി പരിഹാസരൂപേണ പറഞ്ഞു. ഖർഗെ ഇരുന്നുകൊണ്ട് പ്രതിഷേധിച്ചാലും മതിയാകുമെന്നും യുവാക്കൾ ധാരാളമുണ്ടല്ലോയെന്നും മോദി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷ ശബ്‍ദം ഉയർത്താൻ അവസരം നൽകണമെന്നും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി. ‘മോദി മോദി’ എന്ന മുദ്രാവാക്യവുമായാണ് ഭരണപക്ഷാംഗങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

മുൻ കരസേന മേധാവി ജനറൽ എം.എം. നരവണെയുടെ പുസ്തകം ഉന്നയിച്ച് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട ബഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചിരുന്നു. ചർച്ചയോ പ്രധാനമന്ത്രിയുടെ മറുപടിയോ ഇല്ലാതെ തന്നെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം ലോക്സഭ ബഹളത്തിനിടയിൽ പാസാക്കി. ഇതിനുശേഷമാണ് രാജ്യസഭയിൽ പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തിയത്. രാഹുൽ ഗാന്ധിയെ ജെ.പി. നദ്ദ ‘ബോധമില്ലാത്ത ബാലൻ’ എന്ന് വിളിച്ചത് രാജ്യസഭയിൽ ബഹളത്തിന് കാരണമായി.

More Stories from this section

family-dental
witywide