
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ആരംഭിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപന പ്രസംഗം നടത്തി. കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച പ്രസംഗത്തിൽ, അഴിമതിരഹിത ഭരണം യാഥാർത്ഥ്യമാക്കിയ കേന്ദ്ര സർക്കാരിനെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും പ്രസംഗത്തിൽ പരാമർശമുണ്ടായി. പുതിയ തൊഴിലുറപ്പ് പദ്ധതി പ്രസ്താവിച്ചപ്പോൾ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി തന്നെ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രസംഗം ആരംഭിച്ച ഉടനെത്തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു.
ശ്രീനാരായണ ഗുരുവിന്‍റെ “വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക” എന്ന വാക്കുകൾ പ്രസംഗത്തിൽ ഉദ്ധരിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നൽകുന്ന സേവനങ്ങളെ പരാമർശിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ഉപസംഹരിച്ചത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി ഒന്നിന് രാവിലെ പത്തുമണിക്ക് മാധ്യമങ്ങളെ കാണും. ഇന്ത്യ സഖ്യത്തിന്‍റെയും എൻഡിഎയുടെയും യോഗം സമ്മേളനത്തിന് മുമ്പ് പാർലമെന്റിൽ ചേരും.
ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്, മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത്തെ പൂർണ ബജറ്റും കൂടിയാണ്. ഏപ്രിൽ രണ്ടുവരെ രണ്ട് ഘട്ടങ്ങളിലായി സഭ സമ്മേളിക്കും. ഫെബ്രുവരി 13 വരെ ആദ്യ ഘട്ടവും മാർച്ച് ഒമ്പത് മുതൽ ഏപ്രിൽ രണ്ടുവരെ രണ്ടാം ഘട്ടവും. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ, മുൻകാലങ്ങളിലെ പോലെ ബജറ്റിൽ ആദായനികുതിയിൽ എന്തെങ്കിലും ഇളവുകൾ ഉണ്ടാകുമോ എന്നതിനാണ് വലിയ പ്രതീക്ഷയും ആകാംക്ഷയും.
എയിംസ്, അതിവേഗ റെയിൽ പാത, വയനാടിനുള്ള സഹായം, കടമെടുപ്പ് പരിധി കുറച്ചതിനെ മറികടക്കാനുള്ള പാക്കേജ് തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് കേരളത്തിന്റെ പ്രതീക്ഷകൾ. പതിവുപോലെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ചയായതിനാൽ, ക്രൈസ്തവ സമുദായത്തിന്റെ വികാരങ്ങൾ കേന്ദ്ര സർക്കാർ മാനിച്ചില്ലെന്നാണ് കോൺഗ്രസിന്റെ വിമർശനം.














