ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ദം; കൃഷി, ക്ഷീര മേഖലകളുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചിട്ടുണ്ടെന്ന് പീയുഷ് ഗോയൽ, പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷം 

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധം. പാർലമെൻ്റിൽ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ സംസാരിക്കുമ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുകയും തടസ്സപ്പെടുത്തുകയും ചെയ്തു.

ലോക്സഭയിൽ പീയൂഷ് ഗോയൽ പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളുമായും പ്ലക്കാർഡുകളുമായും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഈ വ്യാപാര കരാർ ഇന്ത്യൻ കർഷകരുടെയും ക്ഷീരമേഖലയുടെയും താൽപ്പര്യങ്ങളെ ഹനിക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭയിൽ ഇതുസംബന്ധിച്ച ചർച്ച അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി എംപിമാരും പ്രതിഷേധിച്ചു.

പ്രതിപക്ഷത്തിൻ്റെ ബഹളം അതിരുവിട്ടതോടെ സഭയുടെ അന്തസ്സ് കെടുത്തുന്ന പെരുമാറ്റമാണിതെന്ന് സ്പീക്കർ ഓം ബിർള ആഞ്ഞടിച്ചു. ചർച്ചകൾക്ക് പകരം സഭ തടസ്സപ്പെടുത്തുന്ന ശൈലിയെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും സഭ ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെക്കുകയും ചെയ്തു.

ബഹളത്തിനിടയിലും പീയൂഷ് ഗോയൽ സംസാരിച്ചു. ഈ കരാർ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കരുത്തേകുമെന്നും യുഎസ് ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറഞ്ഞത് രാജ്യത്തിന് ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷി, ക്ഷീര മേഖലകളുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചിട്ടുണ്ടെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭ തടസ്സപ്പെട്ടതിനെത്തുടർന്ന് പാർലമെൻ്റിന് പുറത്ത് വാർത്താസമ്മേളനം നടത്തിയ ഗോയൽ, രാജ്യത്തിൻ്റെ വികസനത്തെ പ്രതിപക്ഷം ഭയപ്പെടുകയാണെന്ന് ആരോപിച്ചു.

കഴിഞ്ഞ ദിവസത്തെ അച്ചടക്കലംഘനത്തിൻ്റെ പേരിൽ കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എട്ട് പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെച്ചൊല്ലിയുള്ള തർക്കം കാരണം തുടർച്ചയായ മൂന്നാം ദിവസമാണ് പാർലമെൻ്റ് നടപടികൾ തടസ്സപ്പെടുന്നത്.

അതേസമയം, സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാഗ്വാദം തുടരുന്നതിനിടെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയിൽ മറുപടി നൽകും.

Parliament uproar over India-US trade deal; Piyush Goyal says interests of agriculture and dairy sectors have been fully protected, opposition disrupts speech

More Stories from this section

family-dental
witywide