
ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ മുതിർന്ന ശുശ്രൂഷകനും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പാസ്റ്റർ പി വി കുരുവിള (96) ചിക്കാഗോയിൽ അന്തരിച്ചു. റാന്നി ചെത്തോങ്കര പാട്ടമ്പലത്ത് കുടുംബാംഗമായ അദ്ദേഹം ദീർഘകാലമായി അമേരിക്കയിലായിരുന്നു താമസം. തിരുവല്ല ശാരോൻ ബൈബിൾ കോളജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, 1963-ലാണ് അമേരിക്കയിലെത്തുന്നത്. മിസിസിപ്പി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം ചിക്കാഗോയിലെ വിവിധ ക്രൈസ്തവ സഭകളുടെ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
ആന്ധ്രാപ്രദേശിലും ഇടുക്കിയിലെ കമ്പംമേട്ടിലും ഐപിസി സഭകളുടെ പാസ്റ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കനോഷ്യയിലുള്ള ചിക്കാഗോ ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ അംഗവും സഹശുശ്രൂഷകനുമായി പ്രവർത്തിച്ചുവരികയായിരുന്നു. പരേതയായ തങ്കമ്മ കുരുവിളയാണ് ഭാര്യ. ഏക മകൾ റെയിച്ചൽ മാത്യുവിനും കുടുംബത്തിനുമൊപ്പം ചിക്കാഗോയിലായിരുന്നു താമസം. സംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കും.














