
സിഡ്‌നി: ഓസ്‌ട്രേലിയയിലെ ദേശീയ പൊതുമേഖലാ പ്രക്ഷേപണ സ്ഥാപനമായ എബിസിയിലെ (ABC) മാധ്യമപ്രവർത്തകർ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ്, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ അനിയന്ത്രിതമായ ഉപയോഗം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് എബിസിയിൽ ജീവനക്കാർ പണിമുടക്കുന്നത്.
പണിമുടക്കിനെത്തുടർന്ന് എബിസിയുടെ പ്രശസ്തമായ ‘7.30’ കറൻ്റ് അഫയേഴ്‌സ് പ്രോഗ്രാം, വ്യാഴാഴ്ചത്തെ ബ്രേക്ക്ഫാസ്റ്റ് ഷോകൾ എന്നിവ സംപ്രേക്ഷണം ചെയ്യില്ല. പകരം പഴയ പരിപാടികളും ബിബിസി ഉള്ളടക്കവും സംപ്രേക്ഷണം ചെയ്യും. റേഡിയോ സ്റ്റേഷനുകളായ ട്രിപ്പിൾ ജെ, എബിസി ക്ലാസിക് എന്നിവയിൽ തത്സമയ പരിപാടികൾക്ക് പകരം സംഗീതം മാത്രമായിരിക്കും ഉണ്ടാവുക.
മാനേജ്‌മെൻ്റ് മുന്നോട്ടുവെച്ച ശമ്പള പരിഷ്‌കരണം ജീവനക്കാർ തള്ളിയതാണ് പണിമുടക്കിലേക്ക് നയിച്ചത്. മൂന്ന് വർഷത്തിനിടെ 10% വർദ്ധനവാണ് മാനേജ്‌മെൻ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ നിലവിലെ പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവാണിതെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 60% അംഗങ്ങളും ഈ വാഗ്ദാനം നിരസിച്ചു.
മാധ്യമപ്രവർത്തകർക്ക് പകരം വാർത്തകൾ നൽകാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാൻ മാനേജ്‌മെൻ്റ് തയ്യാറായിട്ടില്ല. ഇത് തൊഴിൽ സുരക്ഷയെ ബാധിക്കുമെന്നും വാർത്തകളുടെ വിശ്വാസ്യത തകർക്കുമെന്നും യൂണിയനുകൾ ഭയപ്പെടുന്നു. രാത്രികാല ജോലികൾക്ക് ഉയർന്ന വേതനം, മെച്ചപ്പെട്ട കരിയർ പുരോഗതി, ഹ്രസ്വകാല കരാർ നിയമനങ്ങൾ കുറയ്ക്കുക എന്നിവയും ജീവനക്കാരുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
നിലവിലെ വാഗ്ദാനം സ്ഥാപനത്തിന് താങ്ങാവുന്ന പരമാവധി തുകയാണെന്ന് എബിസി മാനേജിംഗ് ഡയറക്ടർ ഹ്യൂഗ് മാർക്സ് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി എബിസി മാനേജ്‌മെൻ്റ് ഓസ്‌ട്രേലിയയിലെ തൊഴിൽ ട്രൈബ്യൂണലായ ഫെയർ വർക്ക് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ആരംഭിച്ച പണിമുടക്കിൻ്റെ ഭാഗമായി സിഡ്‌നിയിലെയും മെൽബണിലെയും എബിസി ഓഫീസുകൾക്ക് മുന്നിൽ കറുത്ത വസ്ത്രമണിഞ്ഞ് നൂറുകണക്കിന് ജീവനക്കാർ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തു. 4,400-ലധികം ജീവനക്കാരുള്ള എബിസിയിൽ 2,000-ത്തോളം പേർ വാർത്താ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
Pay hike and AI control: Journalists at Australian National Broadcaster stage 24-hour strike; first in 20 years















