വാഷിങ്ടൺ: ‘വോക്ക് ഐഡിയോളജി’ പ്രചരിപ്പിക്കുന്ന സ്ഥാപനമാണെന്ന ആരോപണത്തെ തുടർന്ന് ഹാർവാർഡ് സർവകലാശാലയുമായുള്ള അക്കാദമിക് ബന്ധം യുഎസ് പ്രതിരോധ വകുപ്പ് (പെന്റഗൺ) അവസാനിപ്പിച്ചു. ഹാർവാർഡ് അമേരിക്ക വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നും പ്രതിരോധ സെക്രട്ടറി സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആരോപിച്ചു.
എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഹാർവാർഡുമായി ബന്ധപ്പെട്ടിരുന്ന ഉയർന്നതല സൈനിക പരിശീലനങ്ങൾ, ഫെലോഷിപ്പുകൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവ അവസാനിപ്പിക്കുമെന്ന് ഹെഗ്സെത്ത് അറിയിച്ചു. ഹാർവാർഡ് ‘വോക്ക് ആശയങ്ങളുടെ ഫാക്ടറിയായും’ ‘അമേരിക്ക വിരുദ്ധ തീവ്രചിന്തകളുടെ വളർത്തുകേന്ദ്രമായും’ മാറിയതായാണ് പ്രതിരോധ വകുപ്പിന്റെ ആരോപണം. ഇത്തരം ആശയങ്ങൾ സൈനിക ശക്തിയെയും ഭീഷണി തടയൽ ലക്ഷ്യങ്ങളെയും ദുർബലപ്പെടുത്തുന്നതാണെന്നും ഹെഗ്സെത്ത് പറഞ്ഞു.
ഹാർവാർഡ് വോക്ക് സമീപനവും ജൂതവിരുദ്ധ നിലപാടുകളും സ്വീകരിക്കുന്നുവെന്നാരോപിച്ച് ട്രംപ് ഭരണകൂടം നേരത്തെ തന്നെ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. വിഷയത്തിൽ ഹാർവാർഡിന്റെ പ്രതികരണം തേടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ഹാർവാർഡിനെതിരെ ഒരു ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
സർവകലാശാലയുമായി നടന്ന ചർച്ചകളിൽ 200 മില്യൺ ഡോളർ ആവശ്യപ്പെട്ട നിലപാടിൽ നിന്ന് ഭരണകൂടം പിന്മാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഹാർവാർഡും യുഎസ് സൈന്യവും തമ്മിലുള്ള ബന്ധം ആദ്യ അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിങ്ടൺ കാലം മുതൽ നിലനിൽക്കുന്നതാണെന്ന് ഹെഗ്സെത്ത് പറഞ്ഞു. എന്നാൽ മികച്ച സൈനിക ഉദ്യോഗസ്ഥരെ ഹാർവാർഡിലേക്ക് അയച്ചത് പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
“നമ്മുടെ ഉദ്യോഗസ്ഥർ തിരിച്ചെത്തുന്നത് ആഗോളവാദവും തീവ്രചിന്തകളും നിറഞ്ഞ മനസ്സോടെയാണ്,” ഹെഗ്സെത്ത് പറഞ്ഞു. ഹാർവാർഡിനെ അദ്ദേഹം ‘അമേരിക്ക വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രം’ എന്നും വിശേഷിപ്പിച്ചു.ഈ വർഷം ശരത്കാലത്തോടെ ഹാർവാർഡുമായുള്ള അക്കാദമിക് ബന്ധം പൂർണമായി അവസാനിപ്പിക്കുമെന്നും, നിലവിൽ പഠനം നടത്തുന്ന സൈനികർക്കു കോഴ്‌സ് പൂർത്തിയാക്കാൻ സമയം അനുവദിക്കുമെന്നും പെന്റഗൺ വ്യക്തമാക്കി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട ഗവേഷണ പങ്കാളിത്തങ്ങൾ ഹാർവാർഡിന് ഉണ്ടെന്ന ആരോപണവും തീരുമാനത്തിന് കാരണമായതായി പ്രതിരോധ വകുപ്പ് അറിയിച്ചു. ഹമാസിനെ അനുകൂലിക്കുന്ന ക്യാമ്പസ് അന്തരീക്ഷവും ജൂതർക്കെതിരായ ആക്രമണങ്ങളും അനുവദിച്ചുവെന്നും ഹാർവാർഡിനെതിരെ വിമർശനമുയർന്നു. അതേസമയം, ഫെഡറൽ ഫണ്ടിങ് നിർത്തലാക്കൽ, നികുതി ഇളവ് പിൻവലിക്കൽ, വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിൽ നിയന്ത്രണം തുടങ്ങിയ നടപടികളും ട്രംപ് ഭരണകൂടം മുമ്പ് ഹാർവാർഡിനെതിരെ സ്വീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, ചിലത് കോടതികൾ തടഞ്ഞിരുന്നു.
Pentagon ends academic ties with Harvard University for spreading ‘woke ideology’














