ലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ തകർത്തത് ‘ടോർപ്പിഡോ’ അറ്റാക്കെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യം, 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു

ശ്രീലങ്കൻ തീരത്തിന് സമീപം വച്ച് ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന (IRIS Dena) യുഎസ് സേന തകർത്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. ടോർപ്പിഡോ ഉപയോഗിച്ചാണ് ഇറാനിയൻ കപ്പലിനെ തകർത്തത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് യുഎസ് ‘ടോർപ്പിഡോ’ അറ്റാക്ക് നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് പെന്റഗൺ വ്യക്തമാക്കി. ഇതോടെ അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്.

അതേസമയം 80 മരണം എന്ന് ലങ്കൻ സർക്കാർ സ്ഥിരീകരിച്ചു. ലങ്കൻ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 80 ഇറാനിയൻ നാവികരാണ് കൊല്ലപ്പെട്ടതെന്നും ലങ്കൻ സർക്കാർ വിവരിച്ചു.

അമേരിക്കയുടെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ കപ്പലിന് നേരെ പ്രകോപനമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ കടലിൽ തകർന്ന കപ്പലിലെ ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. മിസൈലുകളും അത്യാധുനിക സംവിധാനങ്ങളും സജ്ജീകരിച്ചിരുന്ന കപ്പലായിരുന്നു ഐആർഐഎസ് ദേന.

യുഎസ് നടപടിയെത്തുടർന്ന് മേഖലയിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ഗതാഗതത്തെ ഈ സംഭവം ബാധിക്കുമോ എന്ന ആശങ്കയിലാണ് വിവിധ രാജ്യങ്ങൾ. അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഈ സംഭവം വഴിമാറുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. ശ്രീലങ്കൻ തീരത്തോട് ചേർന്നായതിനാൽ അയൽരാജ്യങ്ങളും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

Pete Hegseth confirms US torpedo Iranian warship IRIS Dena off Sri Lanka coast

More Stories from this section

family-dental
witywide