
മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ, പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂറായിരുന്നില്ല യഥാർത്ഥത്തിൽ ആ വിമാനം പറത്താൻ നിശ്ചയിക്കപ്പെട്ട ആളെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പൈലറ്റ് ട്രാഫിക് കുരുക്കിൽപ്പെട്ടതിനെത്തുടർന്നാണ് സുമിത് കപൂർ ആ ദൗത്യം ഏറ്റെടുത്തത്. ഹോങ്കോങ്ങിൽ നിന്ന് തിരിച്ചെത്തി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് വിമാനം പറത്താനുള്ള നിർദ്ദേശം ലഭിക്കുന്നത് പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണെന്നും സുഹൃത്തുക്കൾ പറയുന്നു.
ബുധനാഴ്ച രാവിലെ 8 മണിയോടെ മുംബൈയിൽ നിന്ന് പുറപ്പെട്ട ലിയർജെറ്റ് 45 (Learjet 45) വിമാനം പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നുവീണത്. അജിത് പവാർ, ക്യാപ്റ്റൻ സുമിത് കപൂർ, കോ-പൈലറ്റ് ക്യാപ്റ്റൻ ശാംഭവി പഥക്, സെക്യൂരിറ്റി ഗാർഡ് വിദിത് ജാദവ്, വിമാന ജീവനക്കാരി പിങ്കി മാലി എന്നിവരുൾപ്പെടെ അഞ്ച് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
കനത്ത മൂടൽമഞ്ഞും കുറഞ്ഞ കാഴ്ചപരിധിയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. ലാൻഡിങ്ങിനുള്ള രണ്ടാം ശ്രമത്തിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. 16,000-ത്തിലധികം മണിക്കൂർ വിമാനം പറത്തി പരിചയമുള്ള മുതിർന്ന പൈലറ്റായിരുന്നു ക്യാപ്റ്റൻ സുമിത് കപൂർ.
അദ്ദേഹത്തിന്റെ ആത്മമിത്രമായ വി.കെ. സിംഗ് (വി.എസ്.ആർ ഏവിയേഷൻ ഉദ്യോഗസ്ഥൻ) ഉൾപ്പെടെയുള്ളവർ ഈ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
Pilot Sumit Kapoor was not the one who was supposed to fly the plane carrying Ajit Pawar; Friends reveal












