ട്രംപിന് മോദിയെ പോലെ മോദിക്ക് പിണറായി; കേരളം നൽകിയ സ്നേഹം മറക്കില്ല, എന്നും കേരളത്തിന് വേണ്ടി ഡൽഹിയിൽ പോരാടുന്ന യോദ്ധാവാണ് ഞാൻ: രാഹുൽ ഗാന്ധി

ഫോർട്ട് കൊച്ചിയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയിൽ എൽഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മോദിയിലുള്ള നിയന്ത്രണം പോലെയാണ് പിണറായിയിൽ മോദിക്കുള്ള നിയന്ത്രണമെന്നും, തന്റെ മക്കളെ സംരക്ഷിക്കാനായി മുഖ്യമന്ത്രി എല്ലാം അനുസരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു. ബിജെപിയും ആർഎസ്എസും എൽഡിഎഫും തമ്മിൽ കേരളത്തിൽ കൂട്ടു കച്ചവടമാണ് നടക്കുന്നത്.

ഇടതുപക്ഷ നയങ്ങളോ ജനാധിപത്യ രീതിയോ പിന്തുടരുന്നവരല്ല ഇന്നത്തെ എൽഡിഎഫ് എന്ന് രാഹുൽ പറഞ്ഞു. എൽഡിഎഫ് മുൻ നേതാക്കൾ തന്നെ ഇത് തുറന്നുപറഞ്ഞ് യുഡിഎഫിൽ ചേർന്ന് മത്സരിക്കാൻ എത്തിയിരിക്കുകയാണ്. മണിപ്പൂരിൽ ആഭ്യന്തര കലാപം ഉണ്ടാക്കിയ ബിജെപിയും ആർഎസ്എസും രാജ്യത്തെ ഏറ്റവും മോശമായ രാഷ്ട്രീയ ശക്തികളാണ്. കോൺഗ്രസിനെ മാത്രമാണ് അവർ ഭയപ്പെടുന്നത്. തനിക്കെതിരെ 36 കേസുകൾ എടുത്ത് കേന്ദ്രസർക്കാർ വേട്ടയാടുമ്പോൾ, അഴിമതി ആരോപണങ്ങൾ നേരിടുന്ന കേരള മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ മോദി നിശബ്ദത പാലിക്കുന്നത് ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ സ്വർണ്ണക്കവർച്ചാ ആരോപണത്തിലും പ്രധാനമന്ത്രിയുടെ മൗനത്തെ രാഹുൽ ചോദ്യം ചെയ്തു. ശബരിമലയിൽ സ്വർണ്ണം മോഷ്ടിച്ച് ചെമ്പ് വെച്ച വലിയ കുറ്റകൃത്യം നടന്നിട്ടും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ മോദി തയ്യാറായില്ല. സ്വർണ്ണക്കള്ളക്കടത്തിലും ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലും എൽഡിഎഫ് പങ്കാളികളാണ്. മതമില്ലാത്ത മനുഷ്യർ തമ്മിലുള്ള സ്നേഹമാണ് കേരളത്തിന്റെ കരുത്ത്. ബിജെപിയും ആർഎസ്എസും തന്നെ വ്യക്തിപരമായി ആക്രമിച്ചപ്പോൾ ഒപ്പം നിന്ന കേരളത്തെ ഒരിക്കലും മറക്കില്ലെന്നും ഡൽഹിയിൽ നിങ്ങൾക്കായി പോരാടുന്ന ഒരു യോദ്ധാവുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി വലിയ പ്രഖ്യാപനങ്ങളും രാഹുൽ ഗാന്ധി നടത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കും. കോളേജിൽ പഠിക്കുന്ന ഓരോ പെൺകുട്ടിക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ജനങ്ങളെ കേൾക്കുന്ന, വിനയമുള്ള ഒരു സർക്കാർ കേരളത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. സ്ത്രീകളുടെ ജീവിതം ലളിതമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും ഇന്ദിര ഗ്യാരണ്ടി ആവർത്തിച്ചുകൊണ്ട് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

Pinarayi is Modi’s puppet; LDF and BJP are in a secret deal in Kerala, says Rahul Gandhi

Also Read

More Stories from this section

family-dental
witywide