കോൺഗ്രസ് സർക്കാർ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ രാഹുൽ എവിടെയായിരുന്നു? ചോദ്യവുമായി മുഖ്യമന്ത്രി, അധികപ്രസംഗമെന്ന് വിമർശനം

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുഖ്യമന്ത്രി ബി.ജെ.പി.ക്കൊപ്പമാണെന്ന രാഹുലിന്റെ ആരോപണം, മിതമായ ഭാഷയിൽ പറഞ്ഞാൽ അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 2022-23 കാലയളവിൽ ഛത്തീസ്ഗഢിൽ ആയിരക്കണക്കിന് ഗോത്രവർഗ ക്രൈസ്തവരെ സംഘപരിവാർ വേട്ടയാടിയപ്പോൾ അവിടെ ഭരണം കോൺഗ്രസിന്റെ കൈയിലായിരുന്നുവെന്നും, അന്ന് രാഹുൽ ഗാന്ധി എവിടെയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യാൻ ബി.ജെ.പി. സർക്കാരിന് ആയുധമായത് കോൺഗ്രസ് നടപ്പിലാക്കിയ നിയമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പ് പ്രകാരമാണ് കന്യാസ്ത്രീകളെ ബി.ജെ.പി. സർക്കാർ അറസ്റ്റ് ചെയ്തത്. 2000-ൽ ഛത്തീസ്ഗഢ് സംസ്ഥാനം രൂപവത്കരിച്ചപ്പോൾ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് മധ്യപ്രദേശിലെ വിവാദമായ ഈ മതസ്വാതന്ത്ര്യ നിയമം അതേപടി ഛത്തീസ്ഗഢിലും നിലനിർത്തിയത്.

ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം റദ്ദാക്കാൻ വർഷങ്ങളോളം ഭരണം കൈയിലിരുന്നിട്ടും കോൺഗ്രസ് തയ്യാറായില്ല. ഭരണഘടനാവിരുദ്ധമായ ഇത്തരം നിയമങ്ങൾ റദ്ദാക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. പ്രകടനപത്രികയിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ സി.പി.എമ്മിന്റെ അഖിലേന്ത്യാ നേതാക്കൾ നേരിട്ട് ഇടപെട്ടു.

എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുകൾ ആത്മാർത്ഥതയില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നപ്പോൾ ഛത്തീസ്ഗഢിലെ നേതാക്കൾ മാറിനിന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽ പ്രദേശിലെങ്കിലും ഇത്തരത്തിലുള്ള മതസ്വാതന്ത്ര്യ നിയമം റദ്ദാക്കാൻ രാഹുൽ ഗാന്ധി തയ്യാറാണോ എന്ന് വെല്ലുവിളിച്ച മുഖ്യമന്ത്രി, കോൺഗ്രസിന്റെ സ്വഭാവം വെച്ച് സി.പി.എമ്മിനെ അളന്നു നോക്കാനും മാർക്കിടാനും രാഹുൽ ഗാന്ധി വരേണ്ടതില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

More Stories from this section

family-dental
witywide