
അമ്പലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എച്ച്. സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരന്റെ പേര് നേരിട്ട് പരാമർശിക്കാതെ ‘അവസരവാദി’ എന്ന് വിശേഷിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ കടന്നാക്രമണം. വഞ്ചന കാണിക്കുന്നവർക്കും അവസരവാദികൾക്കും ചരിത്രത്തിന്റെ ചെളിക്കുഴിയിലായിരിക്കും സ്ഥാനമെന്നും അമ്പലപ്പുഴയിലെ വിപ്ലവ മണ്ണ് അത്തരക്കാരെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
യുഡിഎഫും ഈ അവസരവാദിയും ചേർന്ന് ബിജെപിയുടെ വോട്ട് തേടുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എൽഡിഎഫിനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താനാണ് ഇവരുടെ ശ്രമം. ബിജെപി വോട്ട് കിട്ടുമെന്ന് അവസരവാദികൾ പരസ്യമായി പറയുന്ന സ്ഥിതിയാണുള്ളത്. എന്നാൽ പുന്നപ്ര രക്തസാക്ഷികളുടെ മണ്ണായ അമ്പലപ്പുഴയിലെ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും എല്ലാ പ്രതിസന്ധിയിലും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന ചരിത്രമാണ് ഈ നാടിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും ജനങ്ങൾ യുഡിഎഫിനെ കൈയൊഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. വലിയ അങ്കലാപ്പിലാണ് യുഡിഎഫ് ഇപ്പോൾ നീങ്ങുന്നത്. 2021-ൽ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജനങ്ങൾ എൽഡിഎഫിന് ഭരണത്തുടർച്ച നൽകിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോഴെല്ലാം നാടിന് വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും എന്നാൽ യുഡിഎഫ് വന്നപ്പോൾ ആ വികസനങ്ങളെല്ലാം നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുവിദ്യാഭ്യാസ മേഖലയുടെയും വ്യവസായ രംഗത്തിന്റെയും മാറ്റങ്ങൾ എടുത്തുപറഞ്ഞ മുഖ്യമന്ത്രി, 2011-2016 കാലഘട്ടത്തിൽ യുഡിഎഫ് ഭരിക്കുമ്പോൾ സ്കൂളുകൾ അടച്ചുപൂട്ടുന്ന അവസ്ഥയായിരുന്നെന്നും ഓർമ്മിപ്പിച്ചു. എൽഡിഎഫ് അധികാരത്തിൽ വന്നതോടെയാണ് വിദ്യാഭ്യാസ മേഖല ലോകനിലവാരത്തിലേക്ക് ഉയർന്നത്. പരിസ്ഥിതിക്ക് ദോഷമില്ലാത്ത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വൻതോതിലുള്ള വികസന മാറ്റങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Pinarayi Vijayan slams G Sudhakaran; says opportunists will fall into the mud pit of history














