നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സഹായം ലഭിച്ചില്ലേ? കേരളത്തോട് മാത്രം എന്തിന് പകപോക്കൽ, രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

ദുരന്തസമയങ്ങളിൽ പോലും അർഹമായ സഹായം നൽകാതെ കേരളത്തോട് കേന്ദ്ര സർക്കാർ കടുത്ത വിവേചനം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉണ്ടായ ദുരന്തങ്ങളിൽ ലോകരാഷ്ട്രങ്ങളിൽ നിന്നടക്കം എല്ലാ സഹായങ്ങളും സ്വീകരിച്ചിരുന്നു. എന്നാൽ കേരളം മഹാപ്രളയത്തെ നേരിട്ടപ്പോൾ വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ പോലും തടയുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വയനാട് ഉരുൾപൊട്ടൽ ബാധിത പ്രദേശം പ്രധാനമന്ത്രി സന്ദർശിച്ചിട്ടും കേരളത്തിന് അർഹമായ ധനസഹായം നൽകിയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപിയെയും ആർഎസ്എസിനെയും കേരളം സ്വീകരിക്കാത്തതിന്റെ പകയാണ് കേന്ദ്ര സർക്കാർ കാണിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങൾക്കും സഹായം നൽകിയപ്പോൾ കേരളത്തെ അവഗണിച്ചു. വായ്പാ പരിധി നിശ്ചയിച്ചും കിഫ്ബിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയും കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ദേശീയപാത വികസനത്തിന് വായ്പയെടുക്കുന്നത് വായ്പാ പരിധിയിൽ പെടുത്താത്ത കേന്ദ്രം, കേരളത്തിലെ വികസന പദ്ധതികൾക്കായി കിഫ്ബി വഴി വായ്പയെടുക്കുന്നത് പരിധിയിൽ ഉൾപ്പെടുത്തി തടസ്സം നിൽക്കുന്നു. ഇത് കടുത്ത വിവേചനമാണ്. ഇത്തരം പകപോക്കൽ നടപടികൾക്കെതിരെ കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ഈ ചിറ്റമ്മ നയത്തിനെതിരെ യുഡിഎഫ് മൗനം പാലിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.

Pinarayi Vijayan Slams PM Modi for Ignoring Kerala, Alleges Center Holds a Grudge Against the State

More Stories from this section

family-dental
witywide