യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; ‘യുഡിഎഫിന്‍റെ രാഷ്ട്രീയ സംസ്കാര തകർച്ച, സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്ന് കരുതണ്ട’

കായംകുളം എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശങ്ങളെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീവിരുദ്ധവും അങ്ങേയറ്റം അപമാനകരവുമായ ഇത്തരം പ്രസ്താവനകൾ യുഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് വലതുപക്ഷം വ്യക്തിഹത്യയിലേക്ക് കടക്കുന്നതെന്നും, സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് അവരുടെ തെറ്റിദ്ധാരണയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘അവൾക്കൊപ്പം’ എന്ന് ആവർത്തിച്ചു പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും സ്വന്തം മുന്നണിയിൽ നിന്നുള്ള ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് പുലർത്തുന്ന നിശബ്ദത അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് യു. പ്രതിഭയ്ക്കെതിരെ അവിടത്തെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു. പൊതുപ്രവർത്തകയായതിനാൽ ഒരു വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവർത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്. “അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്. ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീർണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്. നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ട്.

Pinarayi Vijayan Slams UDF Over Misogynistic Remarks Against U Pratibha; Calls it Political Bankruptcy

Also Read

More Stories from this section

family-dental
witywide