‘കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്’, ധർമ്മടത്ത് ഹാട്രിക്ക് തേടി പിണറായി; എൽഡിഎഫിന് വോട്ട് തേടി മുഖ്യമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് പാർട്ടി പ്രഖ്യാപനം വന്നതിന് പിന്നാലെ തനിക്കും എൽ ഡി എഫ് സ്ഥാനാർഥികൾക്കും വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ജനിച്ചുവളർന്ന നാടിന്റെ പ്രതിനിധിയായി മൂന്നാം തവണയും തുടർച്ചയായി മത്സരിക്കാനുള്ള ഉത്തരവാദിത്തം പാർട്ടിയും മുന്നണിയും തന്നെ ഏൽപ്പിച്ചിരിക്കുകയാണെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ 10 വർഷത്തെ പ്രവർത്തന പരിചയവും ആത്മവിശ്വാസവുമായാണ് താൻ ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലുള്ള 56 എംഎൽഎമാരും ഇത്തവണ മത്സരരംഗത്തുണ്ട്. പൊളിറ്റ് ബ്യൂറോയിൽ നിന്ന് പിണറായി വിജയൻ മാത്രമാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്. കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ മുന്നിലുണ്ടെന്നും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

കേരളത്തിൽ ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് ഫലം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ സംസ്ഥാനം പൂർണ്ണമായും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിൽ മണ്ഡലങ്ങളിൽ പ്രചാരണം ശക്തമാക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് എൽഡിഎഫ് ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്.

പിണറായിയുടെ കുറിപ്പ്

ധർമ്മടം നിയമസഭാ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാർടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എന്നെ ഏൽപ്പിച്ചിരിക്കുകയാണ് ജനിച്ചു വളർന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വർഷം നിയമസഭയിൽ പ്രവർത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നത്.

അസാധ്യമെന്ന് ലോകം കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നമ്മൾ ഒറ്റക്കെട്ടായി നിന്ന് യാഥാർത്ഥ്യമാക്കി. രാജ്യത്ത് വർഗീയശക്തികൾ വളരുമ്പോളും കേരളമെന്നാൽ മാനവികതയുടെ പര്യായമാണെന്ന് ഈ ലോകത്തെ നാം ബോധ്യപ്പെടുത്തി. കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്.

എക്കാലത്തും ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണയും സ്നേഹവുമാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം കരുത്തേകിയത്. ആ വലിയ വിശ്വാസം നെഞ്ചിലേറ്റി ഒരിക്കൽക്കൂടി എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വമ്പിച്ച വിജയം സമ്മാനിക്കണം എന്ന് നാടിനോട് അഭ്യർത്ഥിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ കേരളത്തിനായി, വികസനത്തിൻ്റെയും സാമൂഹ്യപുരോഗതിയുടെയും തുടർച്ചയ്ക്കായി ഒരേ മനസ്സോടെ നമുക്ക് മുന്നേറാം.

Pinarayi Vijayan to contest from Dharmadom; CPM announces candidate list for Kerala polls

Also Read

More Stories from this section

family-dental
witywide