ക്യാപ്റ്റന് മാറ്റമില്ല! നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിണറായി നയിക്കും, മുഖ്യമന്ത്രി വീണ്ടും മത്സരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെയും മുന്നണിയുടെയും നായകസ്ഥാനത്ത് പിണറായി വിജയൻ തുടരുമെന്ന് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള എൽഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തന്നെ നേതൃത്വം നൽകുമെന്ന് ഇന്ന് ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സി പി എം ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ എൽ ഡി എഫിനെ നയിക്കും. സ്ഥാനാർഥി ചർച്ചകൾ ഉടൻ ആരംഭിക്കും. ആരൊക്കെ മത്സരിക്കുമെന്ന് നാലഞ്ചുദിവസത്തിനുള്ളിൽ അറിയാമെന്നും മാർച്ച് ആദ്യവാരം സ്ഥാനാർഥി പട്ടിക പുറത്തുവരുമെന്നും ബേബി പറഞ്ഞു. മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെ തീരുമാനിക്കുമെന്നും ബേബി പറഞ്ഞു. പിണറായി വിജയൻ തന്നെ പാർട്ടിയെ നയിക്കണമെന്ന് സിപിഎം കേരള ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 75 വയസ്സെന്ന പ്രായപരിധിയിൽ പിണറായിക്ക് നേരത്തേ പൊളിറ്റ് ബ്യൂറോയിൽ ഇളവ് നൽ‍കിയിരുന്നു. രണ്ട് ടേം നിബന്ധനയിൽ പിണറായി വിജയന് ഇളവ് നൽകാനാണ് പാർട്ടി തീരുമാനം. ഇതുപ്രകാരം അദ്ദേഹം ധർമ്മടം മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും ജനവിധി തേടും.

മുഖ്യമന്ത്രിക്ക് പുറമെ വി. ശിവൻകുട്ടി, വീണാ ജോർജ് തുടങ്ങിയ മന്ത്രിമാർക്കും രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഎം ആലോചിക്കുന്നുണ്ട്. പരിചയസമ്പന്നരായ നേതാക്കളെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടത് ക്യാമ്പിന്റെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ മറികടക്കാൻ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിനാണ് എൽഡിഎഫ് ഒരുങ്ങുന്നത്. ‘മിഷൻ 110’ എന്ന ലക്ഷ്യത്തോടെ 110 സീറ്റുകൾ പിടിച്ചെടുക്കാനുള്ള കർമ്മപദ്ധതിക്ക് മുഖ്യമന്ത്രി രൂപം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രചാരണ ജാഥകളും ജനസമ്പർക്ക പരിപാടികളും വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും.

Pinarayi Vijayan to Lead LDF in 2026 Kerala Assembly Elections; Two-Term Rule Waived

More Stories from this section

family-dental
witywide