പിണറായി തന്നെ നയിക്കും, ആർക്കും സംശയം വേണ്ട, നിലപാട് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി; ‘ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം ചർച്ച ചെയ്യും’

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടത് മുന്നണിയെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന ആരോപണങ്ങളെ ബേബി തള്ളിക്കളഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വലതുപക്ഷ ശക്തികൾ നടത്തുന്ന കുപ്രചരണങ്ങളെ ജനങ്ങൾ അതിജീവിക്കുമെന്നും, സർക്കാരിന്റെ നേട്ടങ്ങൾ മുൻനിർത്തിയായിരിക്കും വോട്ട് തേടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ നടന്നു വരുന്നതേയുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളും. പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വം മുന്നണിക്ക് വലിയ ഊർജ്ജമാണ് നൽകുന്നതെന്നും അടുത്ത തിരഞ്ഞെടുപ്പിലും അത് നിർണ്ണായകമാകുമെന്നും എം.എ. ബേബി പറഞ്ഞു.

സിപിഎമ്മിന് കേരളത്തിൽ മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണെന്നും ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും എംഎ ബേബി പറഞ്ഞു. മുസ്ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമണങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. ഹിന്ദുത്വ വർഗീയ സംഘങ്ങളാണ് ഇതിനുപിന്നിലുള്ളത്. ബിജെപി സര്‍ക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇതിന് കാരണമെന്നും എംഎ ബേബി ആരോപിച്ചു. ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം ചർച്ച ചെയ്യും. അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ബേബി വിമർശിച്ചു.

More Stories from this section

family-dental
witywide