സിപിഎമ്മിന് ഇരട്ട പ്രഹരം, സുധാകരന് പിന്നാലെ ശശിയും ബന്ധം അവസാനിപ്പിക്കുന്നു, ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായേക്കും

സിപിഎം നേതൃത്വവുമായി ഏറെക്കാലമായി അകന്നുനിൽക്കുന്ന മുൻ എംഎൽഎ പികെ ശശി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു. സിപിഎമ്മിലെ അസംതൃപ്തരായ നേതാക്കളെയും അണികളെയും ചേർത്ത് രൂപീകരിക്കുന്ന വിമത കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായി ശശി കളത്തിലിറങ്ങുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അദ്ദേഹം യുഡിഎഫ് പ്രാദേശിക നേതാക്കളുമായും മുസ്ലിം ലീഗ് നേതാക്കളുമായും പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. 63 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു എന്ന് മുതിർന്ന നേതാവ് ജി സുധാകരൻ പറഞ്ഞതിന് പിന്നാലെയുള്ള ശശിയുടെ നീക്കവും കൂടിയായതോടെ ഇന്ന് ഇരട്ട പ്രഹരം ഏറ്റ അവസ്ഥയിലാണ് സിപിഎം.

സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെത്തുടർന്ന് പാർട്ടിയിൽ നിന്ന് തരംതാഴ്ത്തപ്പെട്ട ശശി, കഴിഞ്ഞ കുറച്ചു കാലമായി സിപിഎം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ മാസം കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതോടെയാണ് അദ്ദേഹം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇന്ന് പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിൽ അദ്ദേഹം പങ്കെടുത്തതും നേതൃത്വത്തിനെതിരെ നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് കരുത്ത് തെളിയിക്കാനാണ് ശശിയുടെ നീക്കം. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം പ്രാദേശിക നേതാക്കൾ ശശിയുടെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ശശി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, മുസ്ലിം ലീഗ് നേതാക്കളുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പികെ ശശിയുടെ ഈ നിർണ്ണായക നീക്കം പാലക്കാട് ജില്ലയിലെ ഇടത് കോട്ടകളിൽ വലിയ വിള്ളലുണ്ടാക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

PK Sasi to contest from Ottapalam as UDF-backed independent candidate

More Stories from this section

family-dental
witywide