
ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ ദാരുണ അപകടത്തിൽ 66 പേർ മരിച്ചെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച തെക്കൻ കൊളംബിയയിലെ ആമസോൺ മേഖലയിലുള്ള പ്യൂർട്ടോ ലെഗ്വിസാമോയിലാണ് ദാരുണമായ ഈ അപകടമുണ്ടായത്. സൈനികരെ കൊണ്ടുപോവുകയായിരുന്ന ഹെർക്കുലീസ് C-130 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്ത് ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടസമയത്ത് വിമാനത്തിൽ 114 സൈനിക ഉദ്യോഗസ്ഥരും 11 ജീവനക്കാരുമടക്കം ആകെ 125 പേർ ഉണ്ടായിരുന്നതായി കൊളംബിയൻ വ്യോമസേന അറിയിച്ചു. പരുക്കേറ്റ 77 ഓളം പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.
സംഭവത്തിൽ കൊളംബിയൻ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.
അതേസമയം, ഭരണകാലയളവ് അവസാനിക്കാറായ സാഹചര്യത്തിൽ, സൈന്യത്തെ ആധുനികവൽക്കരിക്കാനുള്ള തൻ്റെ പദ്ധതികൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥതല തടസ്സങ്ങളെ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ തിങ്കളാഴ്ച വിമർശിച്ചു. “ഇനി ഒരു തരത്തിലുള്ള താമസം ഞാൻ അനുവദിക്കില്ല; നമ്മുടെ യുവാക്കളുടെ ജീവനാണ് ഇവിടെ പണയപ്പെടുത്തിയിരിക്കുന്നത്,” അദ്ദേഹം എക്സിൽ കുറിച്ചു. “സിവിലിയൻ അല്ലെങ്കിൽ സൈനിക ഭരണ ഉദ്യോഗസ്ഥർ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, അവരെ സ്ഥാനത്ത് നിന്ന് മാറ്റേണ്ടിവരും.”- അദ്ദേഹം വ്യക്തമാക്കി.
മെയ് 31-ന് നടക്കാനിരിക്കുന്ന കൊളംബിയൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ പല സ്ഥാനാർത്ഥികളും അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ആവശ്യപ്പെടുകയും ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന കൊളംബിയയെ സഹായിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ലോക്ഹീഡ് മാർട്ടിൻ അറിയിച്ചു.
ഹെർക്കുലീസ് സി-130 വിമാനങ്ങൾ ആദ്യമായി പുറത്തിറക്കിയത് 1950-കളിലായിരുന്നു. 1960-കളുടെ അവസാനത്തിലാണ് കൊളംബിയ ഇതിൻ്റെ ആദ്യ മോഡലുകൾ വാങ്ങിയത്. ഉപയോഗിച്ചതോ മിച്ചം വന്നതോ ആയ സൈനിക ഉപകരണങ്ങൾ കൈമാറാൻ അനുവദിക്കുന്ന വ്യവസ്ഥ പ്രകാരം, അമേരിക്ക അയച്ച പുതിയ മോഡലുകൾ ഉപയോഗിച്ച് കൊളംബിയ അടുത്തിടെ തങ്ങളുടെ പഴയ സി-130 വിമാനങ്ങൾ പരിഷ്കരിച്ചിരുന്നു.
ആറ് പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങൾക്കിടയിൽ സൈനിക നീക്കങ്ങൾക്കായി കൊളംബിയയിൽ ഹെർക്കുലീസ് സി-130 വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ സംഘർഷങ്ങളിൽ ഇതുവരെ 4,50,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച തകർന്ന വിമാനത്തിന്റെ ടെയിൽ നമ്പർ അടുത്ത കാലത്തായി അമേരിക്ക കൊളംബിയയ്ക്ക് കൈമാറിയ മൂന്ന് വിമാനങ്ങളിൽ ആദ്യത്തേതിൻ്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനത്തിൽ ബൊളീവിയൻ വ്യോമസേനയുടെ മറ്റൊരു ഹെർക്കുലീസ് സി-130 വിമാനം ജനവാസമേഖലയായ എൽ ആൾട്ടോ നഗരത്തിൽ തകർന്നു വീണിരുന്നു. അന്ന് വിമാനം ഒരു താമസസമുച്ചയത്തിൽ ഇടിക്കാതെ കഷ്ടിച്ചാണ് ഒഴിവായത്. 20-ലധികം പേർ ആ അപകടത്തിൽ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്ന കറൻസി നോട്ടുകൾ അപകടസ്ഥലത്ത് ചിതറിത്തെറിച്ചത് നാട്ടുകാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനും അന്ന് കാരണമായിരുന്നു
Plane crash shakes Colombia: 66 soldiers killed in Hercules plane crash, report says















