
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ കരാറിന് (Economic Cooperation Agreement) വൈകാതെ അന്തിമരൂപം നൽകാൻ ചർച്ചയിൽ തീരുമാനമായി. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലായി എട്ട് സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും സമാധാന നീക്കങ്ങളും ഇരുനേതാക്കളും വിലയിരുത്തി. യുദ്ധത്തിന് പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ഇരു പ്രധാനമന്ത്രിമാരും പങ്കുവെച്ചത്. ആഗോള സുരക്ഷാ വിഷയങ്ങളിൽ ഇന്ത്യയുടെയും കാനഡയുടെയും യോജിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാർച്ചിൽ അധികാരമേറ്റ ശേഷം മാർക്ക് കാർണി നടത്തുന്ന ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഫെബ്രുവരി 27-ന് നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം ദില്ലിയിലെ പരിപാടികൾ പൂർത്തിയാക്കി ഇന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ദീർഘകാലമായി നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
PM Modi and Canada PM Mark Carney Hold Bilateral Talks in Delhi; Eight Agreements Signed











