പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകി. വ്യാപാര-സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുക, വിതരണ ശൃംഖല സംരക്ഷിക്കുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും ജനതാൽപര്യം മുൻനിർത്തി കേന്ദ്രവും സംസ്ഥാനങ്ങളും കൈകോർത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കും. വിവരങ്ങൾ തത്സമയം കൈമാറുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനമായി. കാർഷിക മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും അഭ്യൂഹങ്ങളും തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തണം. മുഖ്യമന്ത്രിമാർ മുന്നോട്ടുവെച്ച ക്രിയാത്മകമായ നിർദ്ദേശങ്ങൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഇതൊരു ദേശീയ വെല്ലുവിളിയാണെന്നും ടീം ഇന്ത്യ എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഇന്ധന ശേഖരവും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. വരും ദിവസങ്ങളിൽ കൃത്യമായ ഇടവേളകളിൽ മുഖ്യമന്ത്രിമാരുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
PM Modi chairs meeting with Chief Ministers on energy crisis; directs strict action against hoarding










