
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ മേഖലയിലെ പ്രമുഖ രാഷ്ട്രത്തലവന്മാരുമായി നയതന്ത്ര ചർച്ചകൾ ഊർജിതമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ, സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. നിഷ്കളങ്കരായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതുമായ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. വരാനിരിക്കുന്ന ഈദ് ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് ജനതയ്ക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയായിരുന്നു ചർച്ചയിലെ പ്രധാന അജണ്ട. യുദ്ധസാഹചര്യത്തിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഇന്ത്യയും കുവൈത്തും സംയുക്തമായി പ്രവർത്തിക്കാൻ ധാരണയായി. ഇതിനു മുന്നോടിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി ദീർഘസംഭാഷണം നടത്തിയിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ ‘സഹോദരൻ’ എന്ന് സംബോധന ചെയ്തുകൊണ്ട് എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ, യുഎഇയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ കരുത്തും പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളിൽ ഇന്ത്യയ്ക്കുള്ള താല്പര്യവും അദ്ദേഹം അടിവരയിട്ടു.
ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കി ഹോർമുസ് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാനാണ് ഇന്ത്യയുടെ തന്ത്രപരമായ നീക്കം. ഇന്ധന ഇറക്കുമതിയെയും പ്രവാസി സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ അതീവ ജാഗ്രതയോടെയാണ് കേന്ദ്ര സർക്കാർ ഈ നീക്കങ്ങളെ കാണുന്നത്. പശ്ചിമേഷ്യയിൽ എത്രയും വേഗം സ്ഥിരതയും സുരക്ഷയും തിരിച്ചുകൊണ്ടുവരുന്നതിനായി യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സജീവമായി ഇടപെടും. യുദ്ധം വ്യാപിക്കുന്നത് തടയാൻ ഇന്ത്യയുടെ മധ്യസ്ഥശ്രമങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം.
PM Modi Holds High-Level Talks with Kuwaiti Crown Prince and UAE President Amid West Asia Crisis












