പശ്ചിമേഷ്യൻ പ്രതിസന്ധി നേരിടാൻ രാജ്യം സജ്ജം, രാജ്യസഭയിൽ ഉറപ്പ് പറഞ്ഞ് പ്രധാനമന്ത്രി; ‘ഹോർമുസ് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ല’

പശ്ചിമേഷ്യയിൽ മൂന്നാഴ്ചയായി തുടരുന്ന സംഘർഷം ആഗോള ഊർജ്ജ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യസഭയിൽ പ്രത്യേക പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടിയോളം ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ഊർജ്ജ സുരക്ഷ നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നു. ലോകത്തിന്റെ ക്രൂഡ് ഓയിൽ, ഗ്യാസ് നീക്കത്തിന് സുപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിൽ കുടുങ്ങിയ 700 മെഡിക്കൽ വിദ്യാർത്ഥികളടക്കം ആയിരം പേരെ ഇതിനോടകം സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഗൾഫ് രാജ്യങ്ങൾ, ഇസ്രായേൽ, ഇറാൻ, അമേരിക്ക എന്നിവരുമായി ഇന്ത്യ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. ചർച്ചകളിലൂടെ എത്രയും വേഗം പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാട്. ആഗോള തലത്തിൽ ഇന്ധനക്ഷാമം ഉണ്ടായാൽ നേരിടാൻ ഇന്ത്യയ്ക്ക് മതിയായ ക്രൂഡ് ഓയിൽ, ഗ്യാസ് ശേഖരമുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. നിലവിൽ 41 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തരമായി എൽപിജി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സാധിച്ചതും രാജ്യത്തിന് കരുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്തിന് സമാനമായി പശ്ചിമേഷ്യൻ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഏഴ് ഉന്നതാധികാര സമിതികൾക്ക് രൂപം നൽകി. കപ്പൽ നിർമ്മാണ രംഗത്ത് സ്വയംപര്യാപ്തത നേടാൻ 70,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. സംസ്ഥാന സർക്കാരുകൾ പാവപ്പെട്ടവർക്കും അതിഥി തൊഴിലാളികൾക്കും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കണമെന്നും സൗജന്യ ഭക്ഷ്യവിതരണ പദ്ധതി ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ടീം ഇന്ത്യയ്ക്ക് ഇതൊരു വലിയ പരീക്ഷണമാണെന്നും ഏത് വെല്ലുവിളിയെയും ശാന്തമായി നേരിടാൻ ജനങ്ങൾ തയ്യാറാകണമെന്നും ഏത് സാഹചര്യത്തിലും സർക്കാർ കൂടെയുണ്ടാകുമെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

PM Modi makes statement in Rajya Sabha on Middle East crisis and energy security

More Stories from this section

family-dental
witywide