
യാക്കോബായ സഭാ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഏറെ അഭിമാനമുണ്ടെന്ന് മോദി മലയാളത്തിൽ എക്സിൽ കുറിച്ചു. സഭാ തർക്കം, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. സഭകൾ തമ്മിലുള്ള ഐക്യം സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം പരിഹരിക്കുന്നതിന് കോടതിക്ക് പുറത്തുള്ള ചർച്ചകൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഘടിച്ചു നിൽക്കുന്ന സഭകൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്താമെന്ന് സഭാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. സമാധാനപരമായ ചർച്ചകളിലൂടെ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
സഭാ ഐക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ സ്വാഗതം ചെയ്യുന്നുവെന്ന് പാത്രിയർക്കീസ് ബാവ പ്രതികരിച്ചു. സഭാ തർക്കത്തിന് പുറമെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാർ നേരിടുന്ന വെല്ലുവിളികളും സഭ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അർഹരായവർക്ക് നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സജീവമായി ഇടപെടണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും ബാവ വ്യക്തമാക്കി.
PM Modi Meets Jacobite Church Head; Urges Out-of-Court Settlement for Church Dispute













