
തിരുവനന്തപുരം കോർപ്പറേഷന്റെ പ്രഥമ ബിജെപി മേയറായി ചുമതലയേറ്റ വി.വി. രാജേഷിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. പുതുവത്സര ദിനത്തിൽ അയച്ച കത്തിൽ മേയർ രാജേഷിനും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥിനും കൗൺസിലർമാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം ചരിത്രപരമാണെന്നും കേരള രാഷ്ട്രീയത്തിൽ ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരത്തിന്റെ വികസനത്തിന് കേന്ദ്രം വലിയ പ്രാധാന്യം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അഴിമതിരഹിതമായ ഭരണമാണ് തലസ്ഥാന നഗരത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഡൽഹിയിൽ സുഹൃത്തുക്കളും കേരളത്തിൽ ശത്രുക്കളുമായി തുടരുന്ന രീതിയെ ‘ഫിക്സഡ് മാച്ച്’ എന്ന് വിശേഷിപ്പിച്ചു പരിഹസിച്ച അദ്ദേഹം, ഈ രാഷ്ട്രീയ നാടകം ഉടൻ അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു. മാറ്റത്തിനായി ദാഹിക്കുന്ന കേരളത്തിലെ യുവജനങ്ങൾക്കും സ്ത്രീകൾക്കും ബിജെപിയുടെ ഈ വിജയം വലിയൊരു പ്രതീക്ഷയാണെന്ന് നരേന്ദ്ര മോദി കത്തിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ കത്ത് തനിക്ക് ലഭിച്ച വലിയൊരു പുതുവത്സര സമ്മാനമാണെന്നും ഇത് വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്നും മേയർ വി.വി. രാജേഷ് പ്രതികരിച്ചു. പ്രധാനമന്ത്രി നൽകുന്ന പിന്തുണ നഗരത്തിന്റെ സമഗ്ര വികസനത്തിന് കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രധാനമന്ത്രിയുടെ കത്ത് പങ്കുവെച്ചുകൊണ്ടാണ് മേയർ ഈ സന്തോഷം അറിയിച്ചത്. പ്രധാനമന്ത്രി ഉടൻ തന്നെ തിരുവനന്തപുരം സന്ദർശിക്കുമെന്ന സൂചനകളും കത്തിന്റെ പശ്ചാത്തലത്തിൽ സജീവമായിട്ടുണ്ട്.















