
ന്യൂഡൽഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലേക്ക് പുറപ്പെട്ടു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. ഈ സന്ദർശനം ഇന്ത്യ-മലേഷ്യ ‘സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്’ പുതിയ ഊർജ്ജം നൽകുമെന്നും, ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന് കീഴിൽ തെക്കുകിഴക്കൻ ഏഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
യാത്ര തിരിക്കുന്നതിന് മുമ്പ് നൽകിയ പ്രസ്താവനയിൽ, ഇന്ത്യയും മലേഷ്യയും ചരിത്രപരമായ ബന്ധങ്ങളാൽ ബന്ധിതമാണെന്നും സമീപവർഷങ്ങളിൽ ഈ ബന്ധത്തിൽ വലിയ പുരോഗതി ഉണ്ടായതായും പ്രധാനമന്ത്രി മോദി പറഞ്ഞു. “പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും സാമ്പത്തിക-നൂതന പങ്കാളിത്തം മെച്ചപ്പെടുത്താനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു,” അദ്ദേഹം പറഞ്ഞു. ഈ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ‘സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി ചർച്ചകൾ നടത്തും. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊർജ്ജം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിലാണ് സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ക്വലാലംപൂരിലെ മൈൻസ് ഇൻ്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ‘സലാമത്ത് ദാതാങ് മോദി ജി’ എന്ന പരിപാടിയിൽ അദ്ദേഹം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യും. ഇതിൽ ഏകദേശം 15,000-ത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 10-ാമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.
പ്രധാനമന്ത്രി മോദിയുടെ മൂന്നാമത്തെ മലേഷ്യൻ സന്ദർശനമാണിത്. 2024 ഓഗസ്റ്റിൽ അൻവർ ഇബ്രാഹിം ഇന്ത്യ സന്ദർശിച്ച വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്തിയത്. ഇതിന് ശേഷം മോദി നടത്തുന്ന ആദ്യ മലേഷ്യൻ സന്ദർശനമാണിത്. നേരത്തെ 2015-ലെ മോദിയുടെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘എൻഹാൻസ്ഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ ആയി ഉയർത്തിയിരുന്നു. അന്ന് അദ്ദേഹം ക്വാലാലംപൂരിലെ ബ്രിക്ക്ഫീൽഡ്‌സിൽ ഇന്ത്യ-മലേഷ്യ സൗഹൃദത്തിൻ്റെ പ്രതീകമായ ‘തോരണ ഗേറ്റ്’ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
PM Modi to Malaysia: Crucial talks to enhance cooperation in areas like technology, security, education











