നയതന്ത്ര കുതിപ്പിന് പ്രധാനമന്ത്രി മോദി ഇസ്രായേലിലേക്ക്; പശ്ചിമേഷ്യൻ സമാധാനത്തിന് ‘ഇന്ത്യൻ ടച്ച്’, ട്രംപ് വീണ്ടും ‘മൈ ഫ്രണ്ട്’ ആയതിന് പിന്നാലെ നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഇസ്രായേൽ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇന്ത്യ മുൻകൈ എടുക്കുമെന്നുമാണ് സൂചന. അമേരിക്കയുമായി വ്യാപാര കരാർ ഒപ്പിട്ടതിന് ശേഷം പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള സൗഹൃദം മെച്ചപ്പെട്ടതിന് പിന്നാലെയാണ് മോദിയുടെ ഇസ്രയേൽ നീക്കമെന്നത് ശ്രദ്ധേയമാണ്.

പലസ്തീനിലെ ഹമാസിനെതിരായ യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ ഇസ്രായേലിനും അറബ് രാജ്യങ്ങൾക്കുമിടയിൽ ഒരു മധ്യസ്ഥന്റെ റോൾ വഹിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് ആഗോളതലത്തിൽ വിലയിരുത്തലുണ്ട്. സമാധാന ചർച്ചകൾക്ക് ഇന്ത്യയെ സ്വാഗതം ചെയ്യുന്നതായി ഇസ്രായേൽ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സന്ദർശന വേളയിൽ ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ചും മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തേക്കും.

അതേസമയം, യുദ്ധം തുടങ്ങിയ ശേഷം മോദി നടത്തുന്ന ആദ്യ ഇസ്രായേൽ സന്ദർശനമായിരിക്കും ഇത്. ഇസ്രായേലുമായി അടുത്ത സൗഹൃദം പുലർത്തുമ്പോഴും പലസ്തീൻ ജനതയ്ക്കുള്ള പിന്തുണ ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുവിഭാഗങ്ങൾക്കും സ്വീകാര്യനായ നേതാവ് എന്ന നിലയിൽ മോദിയുടെ ഇടപെടൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ പ്രതീക്ഷ. സന്ദർശനത്തിന്റെ തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

PM Modi’s Israel Mission: India Takes Center Stage in Quest for Middle East Peace

More Stories from this section

family-dental
witywide