ഒൻപത് വർഷത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രായേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനമായി. കൂടിക്കാഴ്ചയുടെ ഭാഗമായി ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ (Knesset) സ്പീക്കർ മെഡൽ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഈ പുരസ്കാരം 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
സന്ദർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ (UPI) ഇസ്രായേലിലും ലഭ്യമാക്കാനുള്ള തീരുമാനമാണ്. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ബഹിരാകാശം, സിവിലിയൻ ന്യൂക്ലിയർ എനർജി എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനൊപ്പം കൃഷിരംഗത്തെ ആധുനികവൽക്കരണത്തിനായി ‘വില്ലേജസ് ഓഫ് എക്സലൻസ്’ പദ്ധതി വ്യാപിപ്പിക്കാനും ധാരണയായി. ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ പങ്കെടുക്കുന്ന സംയുക്ത യോഗം ഉടൻ ഇന്ത്യയിൽ വെച്ച് നടത്തും.
മേഖലയിലെ സംഘർഷങ്ങളിൽ സമാധാനപരമായ നിലപാടാണ് ഇന്ത്യക്കുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധത്തേക്കാൾ സമാധാനത്തിന് മുൻഗണന നൽകുന്ന ഇന്ത്യ, ഗാസ സമാധാന പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ഭരണസംവിധാനം അതീവ കാര്യക്ഷമമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഹൃദയബന്ധം വരും വർഷങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സാങ്കേതികവിദ്യകൾ പങ്കുവെക്കുന്നതിനായി പുതിയ പങ്കാളിത്തവും കൂടിക്കാഴ്ചയിൽ പ്രഖ്യാപിക്കപ്പെട്ടു.
PM Modi’s Israel visit strengthens ties with UPI pact and Free Trade Agreement talks











