
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വ്യാപാര കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ വെച്ച് മോദി ചരിത്രപരമായ വ്യാപാര കരാറിനെ “ഗെയിം – ചേഞ്ചർ” എന്നാണ് വിശേഷിപ്പിച്ചത്. രണ്ട് പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പരിവർത്തനപരമായ പങ്കാളിത്തമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. “എല്ലാ കരാറുകളുടെയും മാതാവ്” (Mother of all deals) എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അന്റോണിയോ കോസ്റ്റ എന്നിവർ പങ്കെടുത്ത ഉച്ചകോടിയിലാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് ഏകദേശം 100 ബില്യൺ ഡോളറിന്റെ നിക്ഷേപം ഈ കരാറിലൂടെ പ്രതീക്ഷിക്കുന്നു.
ആഗോള ജിഡിപിയുടെ 25 ശതമാനവും ലോക വ്യാപാരത്തിന്റെ മൂന്നിലൊന്നും പ്രതിനിധീകരിക്കുന്ന രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ പങ്കാളിത്തം ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു യൂറോപ്യൻ ഗ്രൂപ്പുമായി ഒപ്പിടുന്ന ആദ്യത്തെ സ്വതന്ത്ര വ്യാപാര കരാറാണിത്. ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
“ഈ കരാർ ആഗോള ജിഡിപിയുടെ (GDP) 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്നു. ലോകത്തിലെ രണ്ട് പ്രമുഖ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ മികച്ച ഉദാഹരണമാണിത്,” മോദി പറഞ്ഞു.
ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ 2007-ലാണ് ആരംഭിച്ചത്. എന്നാൽ ലക്ഷ്യങ്ങളിലെ വ്യത്യാസങ്ങൾ കാരണം 2013-ൽ ഇത് നിർത്തിവെച്ചു. പിന്നീട് 2022-ലാണ് ഇത് പുനരാരംഭിച്ചത്. നിർദ്ദിഷ്ട കരാറിനെ “ചരിത്രപരമായ വ്യാപാര കരാർ” എന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയൻ വിശേഷിപ്പിച്ചത്. ‘‘ചരിത്രപരമായ ഒരു വ്യാപാരക്കരാറിന്റെ പടിവാതിലിലാണ് ഞങ്ങൾ. താരിഫിന് പകരം ന്യായമായ വ്യാപാരം, ഏകപക്ഷീയ തീരുമാനങ്ങൾക്ക് പകരം പങ്കാളിത്തം, ചൂഷണത്തിന് പകരം പരസ്പര സഹകരണവും സുസ്ഥിരതയും. ഇതാണ് ഇന്ത്യ-ഇയു ഡീൽ, മദർ ഓഫ് ഓൾ ഡീൽസ്’’ – യുഎസ് പ്രസിഡന്റ് ട്രംപിനെ ട്രോളിക്കൊണ്ടും ഇന്ത്യ-ഇയു ഡീലിനെക്കുറിച്ചും കഴിഞ്ഞദിവസം ഡാവോസിൽ ഉർസുല ഫോൻ ഡെർ ലേയെൻ പറഞ്ഞത് ഇങ്ങനെ.
ഇന്ത്യയിലെ തുണിത്തരങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, തുകൽ ഉൽപ്പന്നങ്ങൾ എന്നീ മേഖലകൾക്ക് ഈ കരാർ വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ നിർമ്മാണ-സേവന മേഖലകൾക്ക് ഉത്തേജനം നൽകുന്നതോടൊപ്പം വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ കരാർ സഹായിക്കും. വ്യാപാരത്തിന് പുറമെ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ‘സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പിനും’ ഈ ഉച്ചകോടിയിൽ തുടക്കമായി.
PM Narendra Modi calls much-awaited trade deal with EU a “game-changer”















