
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും എത്തുന്നു. ഏപ്രിൽ 4-ന് കേരളത്തിലെത്തുന്ന അദ്ദേഹം പാലായിലും തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന റോഡ് ഷോകളിൽ പങ്കെടുക്കും. കൂടാതെ തിരുവല്ലയിൽ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം സംസാരിക്കും. കഴിഞ്ഞ ദിവസം പാലക്കാടും തൃശൂരിലും നടന്ന തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം വോട്ടായി മാറുമെന്ന വലിയ പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്.
കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയത്. കുട്ടനെല്ലൂർ മുതൽ സ്വരാജ് റൗണ്ട് വരെ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, പത്മജ വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളുടെ അകമ്പടിയോടെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ വരവേറ്റത്. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും റോഡ് ഷോയുടെ ഭാഗമായി.
പാലക്കാട് നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാനത്തെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ പ്രധാനമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന പണം സംസ്ഥാന സർക്കാർ കട്ടുമുടിിക്കുകയാണെന്നും പെൻഷനും ശമ്പളവും നൽകാൻ പോലും കേരളത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് ഐഐടി, നാഷണൽ ഹൈവേ വികസനം തുടങ്ങിയ നേട്ടങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം, കേരളത്തിൽ ബിജെപി ‘എ’ ടീമായി മാറിക്കഴിഞ്ഞുവെന്നും ഇരുമുന്നണികളും ബിജെപിയെ ഭയപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു.
PM Narendra Modi to visit Kerala again on April 4; Roadshows planned in Pala and Thiruvananthapuram














