തിരുവനന്തപുരം : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കൈയ്യേറ്റം ചെയ്തു എന്ന പരാതിയിൽ വ്യക്തമായ ദൃശ്യങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (RPF) പൊലീസും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അക്രമം നടന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ബുധനാഴ്ച വൈകിട്ട് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായത്. കെ.എസ്.യു പ്രവർത്തകർ തന്നെ വളഞ്ഞു വെച്ച് ആക്രമിച്ചെന്നും കഴുത്തിനും കൈയ്ക്കും പരിക്കേറ്റെന്നും മന്ത്രി പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രിക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും ആരോപിക്കുമ്പോൾ, ഇത് സർക്കാരിൻ്റെ വീഴ്ചകൾ മറച്ചുവെക്കാൻ നടത്തുന്ന നാടകമാണെന്ന് കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശനും കെ.സി. വേണുഗോപാലും കുറ്റപ്പെടുത്തി. അക്രമം നടന്നിട്ടുണ്ടെങ്കിൽ അതിൻ്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ പ്രതിപക്ഷം വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മന്ത്രി പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്.
Police did not get footage of Minister Veena George being assaulted, RPF also examined CCTV footage at the railway station














