
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിനെത്തുടർന്ന് രാജ്യത്തുണ്ടായ അസാധാരണ സാഹചര്യങ്ങളിൽ ലിയോ പതിനാലാമൻ മാർപാപ്പ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും ബാഹ്യ ഇടപെടലുകൾക്ക് ഉപരിയായി രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും വത്തിക്കാൻ സിറ്റിയിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സങ്കീർണ്ണാവസ്ഥയിൽ ജനങ്ങളുടെ സുരക്ഷയ്ക്കും നന്മയ്ക്കുമായിരിക്കണം മറ്റെന്തിനേക്കാളും മുൻഗണന നൽകേണ്ടതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.
രാജ്യത്ത് സമാധാനവും നീതിയും പുനഃസ്ഥാപിക്കുന്നതിനായി ഭരണഘടന അനുശാസിക്കുന്ന നിയമവാഴ്ച നടപ്പിലാക്കണമെന്ന് മാർപാപ്പ ഊന്നിപ്പറഞ്ഞു. സംഘർഷത്തിന്റെ പാത വെടിഞ്ഞ് ജനാധിപത്യപരമായ മൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വെനസ്വേലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സമാധാനപരമായ ചർച്ചകൾക്കും നീതിപൂർവ്വമായ ഇടപെടലുകൾക്കും വഴിതുറക്കണമെന്നും അദ്ദേഹം ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.
അതിനിടെ നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ന്യൂയോർക്കിലെ ബ്രൂക്ലിൻ മെട്രോപൊളിറ്റൻ തടവറയിൽ ചോദ്യം ചെയ്യുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കൈവിലങ്ങിട്ട് തടവറയിലേക്ക് കൊണ്ടുപോകുന്നതിനിടെ ചുറ്റുമുള്ളവരോട് ‘ഹാപ്പി ന്യൂ ഇയർ’ ആശംസിച്ച മഡൂറോ, ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ പതറാതെ ചെറുചിരിയോടെ തംപ്സ് അപ് മുദ്ര കാണിക്കുന്ന ചിത്രം ഇതിനോടകം പുറത്തുവന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ ന്യൂയോർക്കിലെ കോടതിയുടെ പരിധിയിലായതിനാലാണ് വിചാരണ നടപടികൾ പൂർത്തിയാകും വരെ അദ്ദേഹത്തെ അതീവ സുരക്ഷയുള്ള ഈ തടവറയിൽ പാർപ്പിക്കുന്നത്.














