സിപിഐഎം പാർട്ടി വിട്ട മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ജി. സുധാകരനെതിരെ പോസ്റ്ററുകൾ. ‘വർഗ്ഗവഞ്ചകന് മാപ്പില്ല’, ‘വോട്ടില്ല’ തുടങ്ങിയ സുധാകരനെതിരെ അങ്ങേയറ്റം പ്രകോപനപരമായ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൻ്റെ മതിലുകളിലാണ് രക്തസാക്ഷികൾ സിന്ദാബാദ് വിളികളോടെ പാർട്ടി പ്രവർത്തകർ പോസ്റ്ററുകൾ പതിപ്പിച്ചത്.
സുധാകരനെതിരെ അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സുധാകരനെ ‘പൊളിറ്റിക്കൽ ഫോക്സ്’ എന്ന് വിശേഷിപ്പിച്ച ശ്യാംജി പാർട്ടി പ്രവർത്തകരെ സുധാകരൻ ‘പൊളിറ്റിക്കൽ ക്രിമിനലുകൾ’ എന്ന് വിളിച്ചത് പ്രകോപനപരമായ നടപടിയാണെന്നും വിമർശിച്ചു. ഏഴ് തവണ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയിട്ടും എട്ടാം തവണ നൽകാത്തതിലുള്ള വിരോധമാണ് ഇത്തരം നിലപാടുകൾക്ക് പിന്നിലെന്നും പാർട്ടിയെ ദ്രോഹിക്കുന്ന നിലപാടാണ് സുധാകരന്റേതെന്നും അദ്ദേഹം ആരോപിച്ചു.
വരും ദിവസങ്ങളിൽ സുധാകരനെതിരെ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. നാളെ മുതൽ വിശദീകരണ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദനോ കെ.ആർ. ഗൗരിയമ്മയ്ക്കോ ലഭിക്കാത്ത വലിയ പരിഗണനയാണ് പാർട്ടി സുധാകരന് നൽകിയതെന്നും എന്നിട്ടും അദ്ദേഹം പാർട്ടിയെ വഞ്ചിക്കുകയാണെന്നും സഖാക്കൾക്കിടയിൽ പ്രതിഷേധം ശക്തമാണെന്നും ശ്യാംജി കൂട്ടിച്ചേർത്തു.
Posters against G. Sudhakaran in Alappuzha












