
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി പി ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 14-ാം സംസ്ഥാന സമ്മേളനത്തിലാണ് നിർണ്ണായകമായ ഈ തീരുമാനം ഉണ്ടായത്. ഭാരവാഹിത്വത്തിൽ നിന്ന് ദിവ്യയെ ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നേരത്തെ മഹിളാ അസോസിയേഷന് നിർദ്ദേശം നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ദിവ്യയ്‌ക്കൊപ്പം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് സൂസൻ കോടിയെയും മാറ്റിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖയാണ് പുതിയ അധ്യക്ഷ. സി എസ് സുജാത സെക്രട്ടറി സ്ഥാനത്ത് തുടരും, ഇ പത്മാവതിയെ ട്രഷററായി തിരഞ്ഞെടുത്തു. നേരത്തെ കരുനാഗപ്പള്ളിയിലെ പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട വിഭാഗീയതയെത്തുടർന്ന് സൂസൻ കോടിയെ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നിന്നും മാറ്റിയത്.
അതേസമയം, പി പി ദിവ്യയെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതല്ലെന്നും ചുമതലകളിൽ നിന്ന് ഒഴിയാൻ ദിവ്യ തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ പി കെ ശ്രീമതി വിശദീകരിച്ചു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് നേരത്തെ തന്നെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുകയും സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.











