പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന 9 മാസം ഗർഭിണിയായ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി, പ്രതിഷേധം

പാലക്കാട് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഈ മാസം 16-നാണ് പ്രസവത്തിനായി നൗഷിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ പത്തരയോടെ യുവതിക്ക് പെട്ടെന്ന് ശ്വാസതടസ്സവും രക്തസ്രാവവും അനുഭവപ്പെടുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ വാണിയംകുളത്തെ പി.കെ. ദാസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പോലീസ് കേസെടുത്തു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

More Stories from this section

family-dental
witywide