രാജ്യത്തിന്റെ എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ വിശ്വപ്രസിദ്ധമായ ‘ജാതിഭേദം മതദ്വേഷം’ എന്ന ശ്ലോകം ഉദ്ധരിച്ചാണ് രാഷ്ട്രപതി തന്റെ സന്ദേശം നൽകിയത്. എല്ലാവരും ഏകോദര സഹോദരങ്ങളാകണമെന്ന ഗുരുവാക്യത്തിന് ഇന്നും പ്രസക്തിയേറുന്നുണ്ടെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സാമൂഹിക ഐക്യവും സഹോദര്യവും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യപുരോഗതിയിൽ സ്ത്രീകളുടെ പങ്ക് നിർണ്ണായകമാണെന്ന് പറഞ്ഞ രാഷ്ട്രപതി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. രാഷ്ട്രീയത്തിലും ഭരണരംഗത്തും സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ജിഎസ്ടി പരിഷ്കാരം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റിയെന്നും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയതിൽ ഈ പരിഷ്കാരങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ പുതിയ തൊഴിൽ കോഡുകൾ വലിയ മാറ്റം കൊണ്ടുവരുമെന്ന് രാഷ്ട്രപതി അവകാശപ്പെട്ടു. സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും സന്ദേശത്തിൽ വിശദീകരിച്ചു. ഭരണഘടന നൽകുന്ന അവകാശങ്ങളും ചുമതലകളും ഓരോ പൗരനും കൃത്യമായി പാലിക്കണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിലൂടെ രാഷ്ട്രപതി ആഹ്വാനം ചെയ്തു.














