അലക്സ് പ്രെട്ടി വെടിവെപ്പ് വിവാദം: മിനിയാപോളിസിൽ നിന്ന് ഐസിഇ, ബോർഡർ പട്രോൾ ഏജന്റസ് എന്നിവരെ പിന്‍വലിക്കാൻ തയ്യാറെന്ന് ട്രംപ്

അലക്സ് പ്രെട്ടി വെടിവെപ്പ് സംഭവത്തെ തുടർന്ന് മിനസോട്ടയിൽ പ്രതിഷേധം ശക്തമായിരിക്കെ, മിനിയാപോളിസിൽ നിന്ന് ഐസിഇ(ICE), ബോർഡർ പട്രോൾ ഏജന്റസ് എന്നിവരെ പിന്‍വലിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വാൾ സ്ട്രീറ്റ് ജേർണലുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ തന്റെ ഭരണകൂടം വിശദമായ പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബോർഡർ പട്രോൾ ഏജന്റ് അലക്സ് പ്രെട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ‘നിയമത്തിന്റെ ആധിപത്യം’ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ പാം ബോണ്ടി ഗവർണർ ടിം വാൾസിന് കത്തയച്ചത് വാൾസ് രൂക്ഷമായി വിമർശിച്ചു. മിനസോട്ടയിലെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ അയച്ചതും അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

“എപ്‌സ്റ്റീൻ ഫയലുകളിലെ രണ്ട് ലക്ഷം രേഖകൾക്കാണ് ഇനിയും രാജ്യം കാത്തിരിക്കുന്നത്. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ,” എന്നാണ് വാൾസിന്റെ പ്രതികരണം. എപ്‌സ്റ്റീൻ രേഖകൾ പുറത്തുവിടുന്നതിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഐസിഇ റെയ്ഡുകളും മിനസോട്ടയിലെ തട്ടിപ്പ് ആരോപണങ്ങളും ഉപയോഗിക്കുന്നതെന്ന് ജോ റോഗൻ ആരോപിച്ചതിന് പിന്നാലെയാണ് വാൾസിന്റെ പ്രതികരണം.

ഇതിനിടെ, ഗവർണർ വാൾസിന്റെ വാർത്താസമ്മേളനത്തിന് മറുപടിയായി ട്രംപ് ട്രൂത്ത് സോഷ്യലിൽ നാല് ആവശ്യങ്ങൾ ഉന്നയിച്ചു. മുൻ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ വാൾസ് ഫെഡറൽ ഭരണകൂടവുമായി സഹകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സംസ്ഥാന ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലുമുള്ള ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെ ഉടൻ ഫെഡറൽ അധികാരികൾക്ക് കൈമാറണമെന്ന് ട്രംപ് ആദ്യ ആവശ്യമായി മുന്നോട്ടുവച്ചു. അറസ്റ്റ് വാറന്റുള്ളവരെയും ഇതിൽ ഉൾപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പോലീസ് അറസ്റ്റ് ചെയ്യുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും ഫെഡറൽ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന-പ്രാദേശിക പോലീസ് സമ്മതിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. കുറ്റകൃത്യങ്ങളിൽ പ്രതികളായ അനധികൃത കുടിയേറ്റക്കാരെ പിടികൂടാനും തടഞ്ഞുവെക്കാനും പ്രാദേശിക പോലീസ് ഫെഡറൽ നിയമസംരക്ഷണ ഏജൻസികളെ സഹായിക്കണമെന്നാണ് മൂന്നാമത്തെ ആവശ്യം.

അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെ വേഗത്തിൽ നാടുകടത്തുന്നതിന് ഡെമോക്രാറ്റിക് നേതാക്കൾ ഫെഡറൽ സർക്കാരുമായി സഹകരിക്കണമെന്നും ട്രംപ് നാലാമത്തെ ആവശ്യമായി മുന്നോട്ടുവച്ചു. മെംഫിസ്, വാഷിങ്ടൺ ഡി.സി. തുടങ്ങിയ സ്ഥലങ്ങളിൽ ഇത് നടപ്പാക്കിയതോടെ തെരുവുകൾ കൂടുതൽ സുരക്ഷിതമായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രെട്ടി പ്രതിഷേധത്തിനിടെ തോക്കുമായി എത്തിയതിനെ ട്രംപ് വിമർശിച്ചു. “എനിക്ക് വെടിവെപ്പ് ഇഷ്ടമല്ല. പക്ഷേ, തോക്കുമായി പ്രതിഷേധത്തിനിടെ എത്തുന്നതും ശരിയല്ല,” അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിൽ ഫെഡറൽ ഉദ്യോഗസ്ഥർ മിനിയാപോളിസിൽ നിന്ന് പിന്‍മാറുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഇതിന് വ്യക്തമായ സമയപരിധി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

President Trump is willing to withdraw ICE and Border Patrol agents from Minneapolis

More Stories from this section

family-dental
witywide