‘അങ്ങേയറ്റം ഞെട്ടിച്ചു’, അജിത് പവാറിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള പ്രമുഖർ

ന്യൂഡൽഹി : ബുധനാഴ്ച രാവിലെ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചതിനെത്തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും അനുശോചന പ്രവാഹങ്ങൾ ഒഴുകുകയാണ്. പൂനെ ജില്ലയിലെ ബാരാമതിയിൽ ലാൻഡിംഗിനിടെയാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന അജിത് പവാർ ഉൾപ്പെടെ ആറ് പേരും അപകടത്തിൽ മരണപ്പെട്ടു.

സംഭവത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൌപതി മുർമ്മുവും അടക്കമുള്ള രാഷ്ട്രീയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

“മഹാരാഷ്ട്രയിലെ ബാരാമതിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ അതിയായ ദുഃഖമുണ്ട്. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കൊപ്പമാണ് എന്റെ ചിന്തകൾ. അഗാധമായ ദുഃഖത്തിന്റെ ഈ നിമിഷത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഈ വേർപാട് താങ്ങാനുള്ള ശക്തിയും ധൈര്യവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”- അപകടത്തിനു പിന്നാലെ മോദി കുറിച്ചു.

അജിത് പവാർ ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയിരുന്ന ഒരു “ജനനായകൻ” ആയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന, കഠിനാധ്വാനിയായ ഒരു വ്യക്തിത്വമായി അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടു. ഭരണപരമായ കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അധഃസ്ഥിതരെയും ശാക്തീകരിക്കുന്നതിലുള്ള താൽപ്പര്യവും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിൻ്റെ അകാല മരണം അത്യന്തം ഞെട്ടിക്കുന്നതും സങ്കടകരവുമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തെയും എണ്ണമറ്റ ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവും എക്സിൽ കുറിപ്പ് പങ്കുവെച്ചു. “മഹാരാഷ്ട്രയിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ഉൾപ്പെടെയുള്ളവർ മരണപ്പെട്ട വാർത്ത അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അജിത് പവാർ ജിയുടെ അപ്രതീക്ഷിതമായ വേർപാട് നികത്താനാവാത്ത ഒരു നഷ്ടമാണ്. മഹാരാഷ്ട്രയുടെ വികസനത്തിൽ, പ്രത്യേകിച്ച് സഹകരണ മേഖലയിൽ അദ്ദേഹം നൽകിയ സവിശേഷമായ സംഭാവനകളിലൂടെ അദ്ദേഹം എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ആരാധകർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റുള്ളവരുടെ കുടുംബാംഗങ്ങൾക്ക് ഈ ആഘാതം താങ്ങാനുള്ള കരുത്ത് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”- രാഷ്ട്രപതി ദുഖം പങ്കുവെച്ചു.

സംഭവത്തെ അത്യന്തം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും എക്‌സിൽ പോസ്റ്റ് ചെയ്തു. “അജിത് പവാറിൻ്റെ അകാല വിയോഗത്തിൽ അഗാധമായി ഞെട്ടലും വേദനയും തോന്നി. തന്റെ നീണ്ട പൊതുജീവിതത്തിലുടനീളം, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും അദ്ദേഹം പേരുകേട്ടവനായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും, അഭ്യുദയകാംക്ഷികൾക്കും, ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.”- രാജ്‌നാഥ് കുറിച്ചു.

രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മണ്ഡലമായ ബാരാമതിയിൽ നാല് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കാൻ പോകുകയായിരുന്നു. ജനുവരി 26-ന് നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിലായിരുന്നു അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

Prime Minister and the President expressed grief over the unexpected demise of Ajit Pawar.

More Stories from this section

family-dental
witywide