താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെ താഷ്‌കന്റിൽ നടന്ന യോഗാ പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ വീഡിയോയിൽ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിന് മോദി നന്ദി അറിയിച്ചു. രാജ്യത്ത് യോഗയ്ക്ക് പ്രചാരം നൽകുന്നതിൽ പ്രസിഡന്റിന്റെ പങ്കിനെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്.
ഉസ്ബെക്കിസ്ഥാൻ യോഗ ഫെഡറേഷന്റെ നേതൃത്വത്തിൽ താഷ്‌കന്റിൽ സംഘടിപ്പിച്ച യോഗാ സെഷനിലാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്.
“ഉസ്ബെക്കിസ്ഥാനിൽ യോഗയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് ജനങ്ങളെയും സംസ്കാരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുകയും ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു. യോഗാ സെഷനിൽ പങ്കെടുത്തവരുമായി പ്രധാനമന്ത്രി മോദി സംവദിക്കുന്നതിന്റെയും യോഗാ പരിശീലനം വീക്ഷിക്കുന്നതിന്റെയും ചിത്രങ്ങളും വിദേശകാര്യ മന്ത്രാലയം പങ്കുവച്ചു
ഞായറാഴ്ച ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധിതല ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചർച്ചകളുടെ ലക്ഷ്യം. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്യും. ഭാവിയിലെ സഹകരണത്തിനുള്ള മാർഗരേഖയും ചർച്ചകളിൽ തയ്യാറാക്കും.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തിയത്. താഷ്‌കന്റിലെത്തിയ മോദിയെ പ്രസിഡന്റ് ഷവ്കത് മിർസിയോയേവ് നേരിട്ടെത്തി സ്വീകരിച്ചിരുന്നു.
Prime Minister Modi met with the President of Uzbekistan; praised the yoga practice in Tashkent.












