പ്രധാനമന്ത്രിയുടെ സന്ദർശനം: തലസ്ഥാനത്ത് നാളെ കർശന ഗതാഗത നിയന്ത്രണം, വന്‍ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ (ജനുവരി 23) തിരുവനന്തപുരത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ പ്രധാനമന്ത്രി എത്തുന്ന നാല് പ്രധാന കേന്ദ്രങ്ങളെ ‘റെഡ് സോൺ’ ആയി പ്രഖ്യാപിച്ചു. ഈ മേഖലകളിൽ ഡ്രോണുകൾ പറത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇന്നും നാളെയും ശംഖമുഖം, എയര്‍പോര്‍ട്ട്, പുത്തരിക്കണ്ടം, കിഴക്കെക്കോട്ടെ എന്നിവയാണ് താത്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ രാവിലെ മുതൽ നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വിമാനത്താവളം, ശംഖുമുഖം, ചാക്ക, പേട്ട, ഈഞ്ചയ്ക്കൽ വഴി കടന്നുപോകുന്നവർ ബദൽ പാതകൾ ഉപയോഗിക്കാൻ നിർദ്ദേശമുണ്ട്. എസ്.പി.ജി (SPG) യുടെ മേൽനോട്ടത്തിൽ ആയിരക്കണക്കിന് പൊലീസുകാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കും.

നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. നാളെ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഈ സമയം പ്രധാനമന്ത്രി കടന്നുപോകുന്ന റോഡരുകിലെ പാര്‍ക്കിങും നിരോധിച്ചു.

കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ നാളെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. അമൃത ഭാരത് ട്രെയിനുകളുടെ സമയക്രമം തയ്യാറായി. തിരുവനന്തപുരം നോര്‍ത്ത്-ചര്‍ലപ്പള്ളി, നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍-താംബരം എന്നിവയുടെ സമയവും റൂട്ടുമാണ് പുറത്തുവിട്ടത്.

അതേസമയം, നാളെ സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ. ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേന്ദ്രീകരിച്ചുള്ള നഗരവികസന മാതൃകയാണ് ഫോര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യം.

Prime Minister’s visit: Strict traffic restrictions in the capital tomorrow.

More Stories from this section

family-dental
witywide