മഡുറോയെ പോലെ മോദിയെയും ട്രംപ് തട്ടിക്കൊണ്ടുപോകുമോയെന്ന് പൃഥ്വിരാജ് ചവാൻ; പ്രതിഷേധിച്ച് ബിജെപി

മുംബൈ: വെനസ്വേലയിൽ കടന്നുകയറി മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന വിവാദ പരാമർശവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. യുഎസ് താരിഫുമായി ബന്ധപ്പെട്ട് ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുമ്പോഴായിരുന്നു ചവാന്റെ വിവാദപരാമർശം. ട്രംപിന്റെ ഇന്ത്യക്കെതിരായ താരിഫുകൾ ഇനിയും വർധിപ്പിക്കുമെന്ന പ്രഖ്യാപനത്തോട് പ്രതികരിക്കുകയാരുന്നു ചവാൻ.

രാജ്യത്തെ ഉൽപന്നങ്ങൾക്ക് 50 ശതമാനം താരിഫുകൾ ഏർപ്പെടുത്തിയാൽ വ്യാപാരം സാധ്യമല്ല എന്ന് പറഞ്ഞ ചവാൻ ഇന്ത്യക്ക് മറ്റ് വിപണികൾ തേടേണ്ടിവരുമെന്നും പറഞ്ഞു. പിന്നാലെയായിരുന്നു വെനസ്വേലയെ ചൂണ്ടിക്കാട്ടിയുള്ള പരാമർശം. ‘ഇനി ചോദ്യം ഇങ്ങനെയാണ്. വെനസ്വേലയിൽ സംഭവിച്ചത് പോലെ ഇന്ത്യയിലും സംഭവിക്കുമോ? ട്രംപ് മോദിയെയും തട്ടിക്കൊണ്ടുപോകുമോ?’ എന്നായിരുന്നു ചവാൻ ചോദിച്ചത്.

തുടർന്നാണ് ചവാന്റെ ഈ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തിയത്. കോൺഗ്രസ് ഓരോ ദിവസവും അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയെ വെനസ്വേലയുമായി താരതമ്യം ചെയ്ത് സംസാരിക്കാൻ ചവാന് ലജ്ജയില്ലേ എന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു. കോൺഗ്രസിന്റെ ഇന്ത്യ വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും രാഹുൽ ഗാന്ധി ഇന്ത്യയിൽ അരാജകത്വം ആഗ്രഹിക്കുന്നുവെന്നും പ്രദീപ് ഭണ്ഡാരി വിമർശിച്ചു.

Prithviraj Chavan: Will Trump kidnap Modi like Maduro? BJP in protest

More Stories from this section

family-dental
witywide