പ്രധാനമന്ത്രി ഭീരു, പിണറായി മോദിയുടെ ബി ടീം, ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി; തെക്കൻ കേരളത്തിൽ ആവേശം വിതറി പ്രചരണം

തെക്കൻ കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴ്, കൊല്ലം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അവർ രൂക്ഷമായി വിമർശിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ സ്വീകരിക്കുന്ന നയം പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നും അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ പ്രധാനമന്ത്രി തലകുനിച്ചിരിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ വിദേശശക്തികൾക്ക് പണയപ്പെടുത്തിയ മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും അവർ കടന്നാക്രമിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയുടെ ബി ടീം ആയാണ് പ്രവർത്തിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുമ്പോൾ കേരള മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പ്രത്യേക പരിഗണന ലഭിക്കുന്നതെന്ന് അവർ ചോദിച്ചു. ശബരിമലയിലടക്കം അഴിമതി നടന്നിട്ടും ഇടത് നേതാക്കൾക്കെതിരെ അന്വേഷണമില്ലാത്തത് ഈ ഒത്തുകളിയുടെ തെളിവാണ്. കേരളത്തിൽ പുതിയൊരു സർക്കാർ അത്യാവശ്യമാണെന്നും ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണം കാഴ്ചവെക്കാൻ എൽഡിഎഫിന് സാധിക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ആരോഗ്യമേഖല തകർന്നടിഞ്ഞതായും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയതായും പ്രിയങ്ക ചൂണ്ടിക്കാട്ടി. ആശ വർക്കർമാരുടെ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. മത്സ്യത്തൊഴിലാളികളുടെ ദുരിതം കാണാതെ വൻകിട വ്യവസായികൾക്ക് വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾ വർഗ്ഗീയതയുടെ രാഷ്ട്രീയത്തെ മാറ്റിനിർത്തണമെന്നും വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ വോട്ടർമാർ ഉയിർത്തെഴുന്നേൽക്കണമെന്നും പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു.

Priyanka Gandhi slams PM Modi and CM Pinarayi Vijayan; urges Kerala voters to reject communal politics

More Stories from this section

family-dental
witywide