പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ എത്താത്തതിനെ രൂക്ഷമായി പരിഹസിച്ച് എം.പി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ലോക്സഭ പാസാക്കിയതിന് പിന്നാലെ ആണ് പരിഹാസം. പ്രതിപക്ഷം ഉന്നയിക്കുന്ന നിർണ്ണായകമായ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണോ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. പ്രതിപക്ഷ നേതാവിന് സഭയിൽ സ്വതന്ത്രമായി സംസാരിക്കാൻ അനുവാദം നൽകണമെന്നും, അദ്ദേഹത്തെ തടസ്സപ്പെടുത്തുന്ന രീതി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും പ്രിയങ്ക ഗാന്ധി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
എന്തിനെയാണ് നരേന്ദ്ര മോദി ഇത്രയധികം ഭയപ്പെടുന്നതെന്ന് പ്രിയങ്ക ചോദിച്ചു. രാഹുൽ പ്രസംഗിച്ച മുൻ കരസേനാ മേധാവി നരവനെയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെയാണോ? അതോ വിവാദമായ എപ്സ്റ്റീൻ ഫയലുകളെയാണോ പ്രധാനമന്ത്രി ഭയപ്പെടുന്നത്? ഇന്ത്യ-യുഎസ് വ്യാപാര കരാർ കർഷകരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ പ്രതിപക്ഷം ചോദ്യങ്ങൾ ചോദിക്കുമെന്ന ഭയമാണോ ഇതിന് പിന്നിലെന്നും പ്രിയങ്ക പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.
അതേസമയം, പ്രതിപക്ഷം സഭാ നടപടികൾ ബോധപൂർവ്വം തടസ്സപ്പെടുത്തുകയാണെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ആരോപിച്ചു. എന്നാൽ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാതെ ചർച്ചകൾ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുറ്റപ്പെടുത്തി. എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷനും അദാനി വിഷയവും സഭയെ വരും ദിവസങ്ങളിലും പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്.
Priyanka Gandhi Slams PM Modi Over Absence in Lok Sabha











