
കൊച്ചി: ‘ദി കേരള സ്റ്റോറി’ വിവാദത്തിൽ ആവശ്യമെങ്കിൽ ടീസർ പിൻവലിക്കാമെന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ അറിയിച്ചു. എന്നാൽ ടീസർ മാത്രമല്ല, ട്രെയിലറും പിൻവലിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി 2’ന് പ്രദർശനാനുമതി നൽകരുതെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാരണം ചിത്രത്തിന്റെ പേര് തന്നെ ‘കേരള സ്റ്റോറി’ എന്നാണ്, അതും ‘ട്രൂ സ്റ്റോറി’ എന്നാണ് പറയുന്നത്.
നാളെ സിനിമ കാണുമ്പോൾ ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. സിനിമ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന വാദം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണിതെന്നും കോടതി വാക്കാലുള്ള നിരീക്ഷണം നടത്തി. ഒരു പ്രദേശത്തെ മുഴുവൻ ജനതയെയും തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണ് ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം ചെയ്യുന്നതെന്നും, കേരളം വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഹർജിയിൽ സെൻസർ ബോർഡ് ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ ചിത്രീകരിച്ചതെന്നായിരുന്നു സംവിധായകൻ കമാക്യ നാരായണൻ സിംഗിന്റെ വാദം. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി സമർപ്പിച്ചത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹർജിക്കാരൻ വാദിച്ചു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും നാടായി കേരളത്തെ മുദ്രകുത്താനാണ് ഈ സിനിമ ശ്രമിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.















