
ന്യൂഡൽഹി : ഹോങ്കോങ്ങിലെ പ്രമുഖ മാധ്യമ വ്യവസായിയും ജനാധിപത്യ അനുകൂലിയുമായ ജിമ്മി ലായ്ക്ക് ദേശീയ സുരക്ഷാ കേസിൽ 20 വർഷം തടവ് ശിക്ഷ വിധിച്ചു. ഇന്ന് രാവിലെയാണ് ഹോങ്കോങ് കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്ന രണ്ട് കുറ്റങ്ങളും, രാജ്യദ്രോഹപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചെന്ന ഒരു കുറ്റവുമാണ് 78-കാരനായ ജിമ്മി ലായിക്ക് മേൽ ചുമത്തിയിരുന്നത്. 2020-ൽ ചൈന നടപ്പിലാക്കിയ വിവാദപരമായ ദേശീയ സുരക്ഷാ നിയമപ്രകാരം ഹോങ്കോങ്ങിൽ ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷയാണിത്. ഈ ഗൂഢാലോചനകളുടെ പ്രധാന സൂത്രധാരൻ ലായ് ആണെന്നും ഹോങ്കോങ്ങിൻ്റെ സുരക്ഷയ്ക്ക് അദ്ദേഹം വലിയ ഭീഷണി ഉയർത്തിയെന്നും കോടതി നിരീക്ഷിച്ചു. നിർത്തലാക്കിയ ‘ആപ്പിൾ ഡെയ്‌ലി’ പത്രത്തിൻ്റെ സ്ഥാപകനാണ് ലായ്. 2020 ഓഗസ്റ്റിലാണ് അദ്ദേഹം അറസ്റ്റിലായത്.
ശിക്ഷാവിധിയെ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ശക്തമായി അപലപിച്ചു. ഇതൊരു രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് അവർ ആരോപിക്കുന്നു. ഈ ശിക്ഷ പ്രകാരം അദ്ദേഹം 96-ാം വയസ്സിൽ മാത്രമേ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ട്.
Prominent media tycoon Jimmy Lai sentenced to 20 years in prison














