ദിലീപ് വന്നപ്പോൾ ജഡ്ജി എഴുന്നേറ്റെന്ന പരാമർശത്തിൽ ചാൾസിനെതിരെ കേസ്, കോടതിയലക്ഷ്യത്തിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ, മറുപടിക്ക് സമയം തേടി അതിജീവിത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപ് നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഈ നിലപാട് വ്യക്തമാക്കിയത്. ഇത്തരം ഹർജികൾ ഹൈക്കോടതിക്ക് കൈമാറുകയാണ് വേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, എതിർകക്ഷികളെ രക്ഷിക്കാനാണ് പ്രോസിക്യൂഷൻ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. രഹസ്യ വിചാരണയുടെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ദിലീപ് ഹർജി നൽകിയത്.

മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹർജിയും കോടതിയുടെ പരിഗണനയ്ക്കെത്തി. ഈ ഹർജിയിൽ മറുപടി നൽകാൻ അതിജീവിത ഇന്ന് കോടതിയിൽ കൂടുതൽ സമയം തേടി. അതിജീവിതയ്ക്കായി അഡ്വ. ടി.ബി. മിനിയാണ് ഹാജരായത്. കഴിഞ്ഞ ദിവസം അഭിഭാഷക ഹാജരാകാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രാഥമിക വാദങ്ങൾ കേട്ട കോടതി, ദിലീപ് നൽകിയതും അതിജീവിത നൽകിയതുമുൾപ്പെടെയുള്ള ആറ് കോടതിയലക്ഷ്യ ഹർജികളും അടുത്ത മാസം 12-ലേക്ക് മാറ്റി വെച്ചു.

അതേസമയം, കേസിലെ എട്ടാം പ്രതിയായ ദിലീപ് എത്തിയപ്പോൾ വിചാരണക്കോടതി ജഡ്ജി എഴുന്നേറ്റ് നിന്നു എന്ന് പരാമർശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് നടപടിയെടുത്തത്. വിചാരണക്കോടതിയെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചുവെന്ന പരാതിയിലാണ് അന്വേഷണത്തിനും കേസെടുക്കാനും കോടതി ഉത്തരവിട്ടത്.

More Stories from this section

family-dental
witywide