ടെക്സസ്: ഹിന്ദു വിശ്വാസങ്ങളെ പരിഹസിച്ച അമേരിക്കൻ കോമേഡിയന്റെ പ്രസംഗത്തിനെതിരെ ഇന്ത്യൻ-അമേരിക്കൻ സംഘടനയായ Hindu American Foundation (HAF) കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പൊതുയോഗം “ വെറുപ്പിൻ്റെ സർകസ്” ആയി മാറിയെന്നാണ് സംഘടനയുടെ ആരോപണം. സംഭവം ടെക്സസിലെ പ്ലാനോ സിറ്റി കൗൺസിൽ യോഗത്തിനിടെയായിരുന്നു. അമേരിക്കൻ യൂട്യൂബറും കോമേഡിയനുമായ അലക്സ് സ്റ്റീൻ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്ന രീതിയിൽ സാറ്റയർ പ്രസംഗം നടത്തി. അലക്സ് സ്റ്റീൻ്റെ സാറ്റയർ പ്രസംഗം ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ ശക്തമായ പ്രതികരണത്തിന് ഇടയാക്കി.
സ്റ്റൈൻ മഞ്ഞ കുർത്തയും നെറ്റിയിൽ ചുവന്ന കുറിയും ധരിച്ച് വേദിയിലെത്തി. പ്രസംഗത്തിനിടെ പശുവിനെ ‘ദിവ്യ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്ന ഹിന്ദു വിശ്വാസത്തെ പരിഹസിച്ചു. “ഗോമൂത്രം ഏറ്റവും വിശുദ്ധമായ ഔഷധം… ചാണകം വിശുദ്ധ സ്വർണം” എന്നിങ്ങനെ പരിഹാസഭാവത്തിൽ അദ്ദേഹം പരാമർശിച്ചു. പ്രസംഗം തുടരുന്നതിനിടെ യോഗത്തിൽ ഉണ്ടായിരുന്ന ചില ഇന്ത്യൻ-അമേരിക്കക്കാർ പ്രതിഷേധിച്ച് പുറത്തേക്ക് നടന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്
നഗരസഭാ നിയമങ്ങൾ പ്രകാരം പ്രകോപനപരമായോ അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രസംഗങ്ങളോ ഉണ്ടെങ്കിൽ മൈക്ക് ഓഫ് ചെയ്യാൻ കഴിയുന്നുവെങ്കിലും, സ്റ്റൈന്റെ പരാമർശങ്ങൾ തടയാതിരുന്നതായി സംഘടന ആരോപിച്ചു. പൊതുവേദികളെ ഏതെങ്കിലും സമൂഹത്തെ ലക്ഷ്യമിട്ട് വൈരാഗ്യപ്രചാരണത്തിനുള്ള വേദിയാക്കാൻ അനുവദിക്കരുതന്നും നഗരങ്ങൾ സ്വന്തം നിയമങ്ങൾ പാലിക്കണമെന്നും HAF ആവശ്യപ്പെട്ടു.
ഇതിനിടെ യുഎസിൽ ചില വലതുപക്ഷ ഗ്രൂപ്പുകൾക്കിടയിൽ കുടിയേറ്റ വിരുദ്ധ, ഇന്ത്യൻ വിരുദ്ധ, ഹിന്ദി വിരുദ്ധ പ്രസംഗങ്ങൾ ഉയരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ചില MAGA അനുയായികൾ ഇന്ത്യൻ-അമേരിക്കൻ നേതാക്കളെയും ലക്ഷ്യമിട്ടതായി ആരോപണമുണ്ട്. ഇവരിൽ Kash Patel, യുഎസിന്റെ സെക്കന്റ് ലേഡിയായ Usha Vance, മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി Vivek Ramaswamy, കോൺഗ്രസ് അംഗങ്ങളായ Shri Thanedar, Ro Khanna എന്നിവരും ഉൾപ്പെടുന്നു.
ചില വൈറ്റ് നാഷണലിസ്റ്റ് ഗ്രൂപ്പുകൾ “അമേരിക്ക അമേരിക്കക്കാർക്കുള്ളതാണ്” എന്ന നിലപാട് ഉയർത്തി, മറ്റ് മത-ജാതി-വർഗ്ഗ വിഭാഗങ്ങളെ പുറത്തുനിന്നവരായി ചിത്രീകരിക്കുന്നുവെന്നതാണ് ആരോപണം. അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് JD Vance ഒരുപ്രസംഗത്തിൽ “അമേരിക്ക ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്, എന്നും അങ്ങനെ തന്നെ തുടരും” എന്ന് പറഞ്ഞതും വിവാദമായിരുന്നു.
Protest against American comedian dressed as an Indian in Texas for making ‘anti-Hindu’ remarks













