
വാഷിംഗ്ടൺ: മിനസോട്ടയിലെ സെന്റ് പോളിലുള്ള സിറ്റീസ് ചർച്ചിൽ നടന്ന ആരാധന തടസ്സപ്പെടുത്തിയ പ്രതിഷേധക്കാർക്കെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) ഫെഡറൽ അന്വേഷണം ആരംഭിച്ചു.
പള്ളിയിലെ എട്ട് പാസ്റ്റർമാരിൽ ഒരാളായ ഡേവിഡ് ഈസ്റ്റർവുഡ് ഐ.സി.ഇ (ICE) സെൻ്റ് പോൾ ഫീൽഡ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്നു എന്നതായിരുന്നു പ്രതിഷേധത്തിന് കാരണം.
ജനുവരി 18-ന് നടന്ന ഞായറാഴ്ച ആരാധനയ്ക്കിടെ ഒരു സംഘം പ്രതിഷേധക്കാർ പള്ളിയിൽ കടന്നുകയറുകയും “ICE out”, “Justice for Renee Good” എന്നീ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തായിരുന്നു പ്രതിഷേധിച്ചത്. ഈ മാസം ആദ്യം ഐ.സി.ഇ ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട റിനീ ഗുഡിന് നീതി ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആരാധനാലയങ്ങളെ അശുദ്ധമാക്കുന്നതും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതും ഗൗരവകരമായ ഫെഡറൽ നിയമലംഘനമാണെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറൽ ഹർമീത് ധില്ലൺ പ്രസ്താവിച്ചു. ലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അറ്റോർണി ജനറൽ പാം ബോണ്ടിയും അറിയിച്ചിട്ടുണ്ട്.
ആരാധനയുടെ സമയത്ത് പാസ്റ്റർ ഈസ്റ്റർവുഡ് പള്ളിയിൽ ഉണ്ടായിരുന്നില്ലെന്ന് പ്രതിഷേധക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയുടെ സീനിയർ പാസ്റ്ററായ ജോനാഥൻ പാർനെൽ ഈ പ്രതിഷേധത്തെ അസ്വീകാര്യം എന്നാണ് വിശേഷിപ്പിച്ചത്.
Protest disrupts church service in St. Paul, Minnesota; Protesters say pastor is ICE officer












