പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ച ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കേസിൽ വിജിലൻസിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചു. അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്തിരിക്കുന്നത്.
വിഡി സതീശനെതിരെ സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശയിൽ പറയുന്നു. പുനർജനി പദ്ധതിയ്ക്കായി മണപ്പാട് ഫൗണ്ടേഷൻ എന്ന പേരിൽ ഫൗണ്ടേഷൻ രൂപീകരിച്ച് വിദേശത്ത് പോയി പണം സ്വീകരിച്ചുവെന്നാണ് വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തലാണ് റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്.
യുകെയിൽ നിന്ന് 19,95,850 രൂപ വിവിധ വ്യക്തികളിൽ നിന്ന് സ്വീകരിച്ച് മണപ്പാട് ഫൗണ്ടേഷന്റെ പേരിൽ അയച്ചുവെന്ന് കണ്ടെത്തിയെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. യുകെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്ത് യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വിഡി സതീശൻ അഭ്യർഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.
2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് ‘പുനര്‍ജനി, പറവൂരിന് പുതുജീവന്‍’. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.
പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്‌സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശൻ പണം അഭ്യർത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്‌സണ്‍ വിജിലൻസിന് പരാതി നൽകിയത്.
കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശത്തുനിന്ന് (പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്) പണം പിരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (FCRA) ലംഘനമാണെന്നും എംഎല്‍എ എന്ന നിലയിലുള്ള ഔദ്യോഗിക പദവി സതീശന്‍ ദുരുപയോഗം ചെയ്‌തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2023 ലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
Punarjani: Vigilance recommends CBI probe against opposition leader VD Satheesan














