
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടു കഴിഞ്ഞുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. പുടിന്റെ ലക്ഷ്യം യുക്രെയ്ൻ മാത്രമല്ലെന്നും, മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സെലൻസ്‌കി ചൂണ്ടിക്കാട്ടി. പുട്ടിനെ ഇപ്പോൾ തടയാൻ കഴിഞ്ഞില്ലെങ്കിൽ ലോകത്തിന് മുഴുവൻ അതിന്റെ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ ആക്രമണം കേവലം ഒരു പ്രാദേശിക യുദ്ധമല്ലെന്നും, അത് ആഗോള ക്രമത്തെ തന്നെ തകർക്കാനുള്ള നീക്കമാണെന്നും സെലൻസ്‌കി പറഞ്ഞു. യുക്രെയ്നിൽ റഷ്യയെ പരാജയപ്പെടുത്തുന്നത് ലോകത്തിന്റെ മുഴുവൻ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സമാധാന ചർച്ചകളിൽ യുക്രെയ്‌നിന്റെ ഭൂപ്രദേശം വിട്ടുകൊടുക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. ഡോൺബാസ് മേഖലയുടെ 20 ശതമാനത്തോളം ഭാഗം റഷ്യയ്ക്ക് വിട്ടുനൽകണമെന്ന നിർദ്ദേശങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.
യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ തുടരണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള സുരക്ഷാ കരാറുകൾ ഏതെങ്കിലും ഒരു പ്രസിഡന്റിന്റെ കാലാവധിക്ക് അപ്പുറം നിലനിൽക്കുന്ന രീതിയിൽ സ്ഥാപനവൽക്കരിക്കപ്പെടണം. പുട്ടിന്റെ ഭീഷണികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും, പകരം റഷ്യയുടെ അക്രമങ്ങൾ അവസാനിപ്പിക്കാനാണ് ലോകശക്തികൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടലുകളിൽ പ്രതീക്ഷയുണ്ടെന്നും സെലൻസ്കി വിവരിച്ചു.
Putin has Already Started World War III, Warns Zelenskyy; Rejects Territorial Concessions















