യുഎസ്-ഇറാൻ ചർച്ച വഴിമുട്ടി; ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ, ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ചു

ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ നിർണായക മധ്യസ്ഥശ്രമവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രംഗത്തെത്തി. ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച പുടിൻ പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ റഷ്യ തയ്യാറാണെന്ന് അറിയിച്ചു. മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി റഷ്യ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ടുവെച്ചു. ലോകം ഉറ്റുനോക്കിയ ഇസ്ലാമാബാദ് ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞ സാഹചര്യത്തിൽ റഷ്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമർഹിക്കുന്നു.

തങ്ങളുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ലെന്നും ആണവ പദ്ധതി ഉപേക്ഷിക്കാൻ അവർ തയ്യാറായില്ലെന്നും ചർച്ചയ്ക്ക് നേതൃത്വം നൽകിയ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കുറ്റപ്പെടുത്തി. എന്നാൽ, അമേരിക്കയെ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്നും സൈനികമായി നേടാനാകാത്തത് ചർച്ചകളിലൂടെ അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിച്ചതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും പ്രതികരിച്ചു. ചർച്ച പരാജയപ്പെട്ടതോടെ അമേരിക്കൻ സംഘം പാകിസ്ഥാനിൽ നിന്ന് മടങ്ങി. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിലും ലബനനിലെ വെടിനിർത്തലിലും ധാരണയിലെത്താൻ കഴിയാത്തത് ഇരുരാജ്യങ്ങൾക്കുമിടയിലെ വിടവ് വർദ്ധിപ്പിച്ചു.

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ മേഖലയിൽ സൈനിക നീക്കങ്ങളും സജീവമായിട്ടുണ്ട്. അമേരിക്കൻ പടക്കപ്പലുകൾ ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യാൻ ശ്രമിച്ചതും, പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി പാകിസ്ഥാൻ സൗദിയിലേക്ക് സൈനിക സന്നാഹം അയച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതിനിടെ ഇറാനുമായും അവരുടെ സഖ്യകക്ഷികളുമായും യുദ്ധം തുടരുമെന്ന് ഇസ്രായേലും പ്രഖ്യാപിച്ചു. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രിയും യുഎഇ നേതൃത്വവുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.

Putin Offers to Mediate in US-Iran Conflict After Failed Islamabad Talks; Speaks with Iranian President

More Stories from this section

family-dental
witywide